ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയെയും മകനെയും തിരികെ എത്തിച്ചു. കഴിഞ്ഞ ദിവസം ഇരുവരെയും തിരികെയെത്തിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നല്‍കിയിരുന്നു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ജൂണ്‍ 27നായിരുന്നു രാജ്യത്ത് അനധികൃതമായി കടന്ന് കയറി എന്ന് ആരോപിച്ച് സോണാലിയും കുടുംബവുമുള്‍പ്പെടെ ആറ് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്.
എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ച് സോണാലിയെയും മകനെയും തിരികെ കൊണ്ടുവരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നലെ ബംഗാളിലെ മാള്‍ഡയില്‍ ജില്ലാ ഭരണകൂടത്തിലെ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഒമ്പത് മാസം ഗര്‍ഭിണിയായ സോണാലി ഖാത്തൂണും എട്ടുവയസുകാരനായ മകനും ഇന്ത്യയിലേക്കു തിരികെ പ്രവേശിച്ചു.
സോണാലിയുടെ പിതാവ് ഇന്ത്യന്‍ പൗരനായതിനാല്‍ പൗരത്വ നിയമപ്രകാരം സോണാലിയും കുട്ടികളും ഇന്ത്യന്‍ പൗരന്മാരായിരിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ബുധനാഴ്ച മാള്‍ഡയില്‍ നടന്ന എസ്ഐആര്‍ വിരുദ്ധ റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സോണാലിയുടെ നാടുകടത്തലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ‘ഇന്ത്യന്‍ പൗരന്മാരെ എങ്ങനെയാണ് ബംഗ്ലാദേശി എന്ന് മുദ്രകുത്തുന്നത്? സോണാലി ഖാത്തൂണ്‍ ബംഗ്ലാദേശിയായിരുന്നോ? അവര്‍ ഇന്ത്യക്കാരിയായിരുന്നു. ഇന്ത്യന്‍ രേഖകള്‍ ഉണ്ടായിരുന്നിട്ടും, ബിഎസ്എഫിനെ ഉപയോഗിച്ച് നിങ്ങള്‍ അവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തി” മമതാ ബാനര്‍ജി തുറന്നടിച്ചു
