ഡൽഹി: വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന് നല്കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പര്‍ കോച്ചില്‍ ഓരോ കോച്ചിലും ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകളും തേഡ് എ.സിയില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും സെക്കന്‍ഡ് എ.സിയില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഭൂരിഭാഗം മെയില്‍/എക്സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക കംപാര്‍ട്ടുമെന്റുകള്‍ അനുവദിക്കും. സ്ലീപ്പര്‍ കോച്ചില്‍ നാല് ബെര്‍ത്തുകളും (രണ്ട് ലോവര്‍ & രണ്ട് മിഡില്‍ ബെര്‍ത്തുകള്‍ ഉള്‍പ്പെടെ) തേഡ് എ.സിയില്‍ നാല് ബെര്‍ത്തുകളും റിസര്‍വ് ചെയ്ത സെക്കന്‍ഡ് സിറ്റിങ്ങില്‍ നാല് സീറ്റുകള്‍ എന്നിങ്ങനെ മുന്‍ഗണനാക്രമണത്തില്‍ നല്‍കും. വന്ദേഭാരതില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ചെയര്‍ സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
