തരിയോടിൻ്റെ കായിക സ്വപ്നങ്ങള്‍ പൂവണിയാൻ സ്റ്റേഡിയം യാഥാർഥ്യമാകുന്നു

തരിയോട്: പതിറ്റാണ്ടുകളായുള്ള തരിയോടിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കാന്‍ പഞ്ചായത്ത് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാവുന്നു.

സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 50 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും വകയിരുത്തി ഒരു കോടി രൂപയാണ് സ്റ്റേഡിയത്തിൻ്റെ നിർമാണത്തിനായി മാറ്റിവെക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവിട്ട് കാവുംമന്ദം ടൗണില്‍ നിന്നും 600 മീറ്റര്‍ മാറി കാലിക്കുനി രഘുനാഥന്‍പടി റോഡിനോട് ചേര്‍ന്ന് സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു.

 

സ്റ്റേഡിയം നിർമാണത്തിന്റെ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചു. ‘ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു കളിസ്ഥലം’ എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്റ്റേഡിയം നിര്‍മാണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്ഥാപനങ്ങള്‍, മറ്റു ഏജന്‍സികൾ എന്നിവയിൽ നിന്നുള്ള സഹായങ്ങളും ചെലവഴിക്കും.

ഗ്രാമപഞ്ചായത്ത് പരിധിയിലെ യുവതലമുറയെ പഠനത്തോടൊപ്പം കായിക മേഖലയിലും മുന്‍പന്തിയിലെത്തിക്കുകയാണ് പഞ്ചായത്തിൻ്റെ ലക്ഷ്യം. കായികതാരങ്ങള്‍ കൂടുതലുള്ള തരിയോട് ഗ്രാമപഞ്ചായത്തില്‍ സ്റ്റേഡിയത്തിന്റെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കൃത്യമായ പരിശീലനം നടത്താന്‍ സാധിക്കാത്തത് യുവ തലമുറയ്ക്ക് കായിക മേഖലയില്‍ നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാക്കി.

സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതോടെ താരങ്ങൾക്ക് മികച്ച പരിശീലനം നേടുന്നതിനും മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകുമെന്ന് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ക്രിക്കറ്റ്, അതലറ്റിക്‌സ്, മറ്റ് കായിക ഇനങ്ങള്‍, അനുബന്ധമായി ഫിറ്റ്‌നസ് സെന്റര്‍ എന്നീ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം യാഥാർഥ്യമാകുക.

സ്വപ്ന പദ്ധതിയായ സ്റ്റേഡിയം നിർമ്മാണം പൂർത്തിയാകുന്നതോടെ തരിയോട്ടെ കായിക മേഖലയുടെ കുതിപ്പിന് ആക്കം കൂടും.

Leave a Reply

Your email address will not be published. Required fields are marked *