ബത്തേരി : ഘടകകക്ഷികളുടെ എതിർപ്പിനെ അവഗണിച്ച് പി എം ശ്രീ പദ്ധതി അടിയന്തിരമായി അംഗീകരിച്ചു ഒപ്പിടാനുണ്ടായ സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള ശ്രമം എന്തു വില കൊടുത്തും ചെറുക്കും. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ആർ എസ് എസിന് അടിയറ വെച്ച് പൊതുസമൂഹത്തെ വഞ്ചിച്ച സർക്കാറിന് അധികാരത്തിൽ തുടരാൻ അർഹതയില്ല. പി എം ശ്രീ പദ്ധതി നടപ്പിലാക്കുമ്പോൾ പൊതുവിദ്യാലയങ്ങളുടെ നിലനില്പു തന്നെ ചോദ്യം ചെയ്യപ്പെടും. പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന് പറയുകയും പൊതുവിദ്യാലയങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഇടതു സർക്കാർ പണത്തിനു മുൻപിൽ പ്രത്യയശാസ്ത്രത്തിന് യാതൊരു വിലയുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനാണ് സംഘടന എന്നും നിലകൊള്ളുന്നത്.
പി എം ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് എം പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം ബിജു മാത്യു, എം ടി ബിജു, നവീൻ പോൾസൻ, കെ കെ രാമചന്ദ്രൻ , ജിജോ കുര്യാക്കോസ്, കെ നിമാറാണി, കെ എസ് അനൂപ്കുമാർ, കെ ജെ ജോബി, രജീഷ് മായൻ, സി കെ നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
