വയനാട് കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം രൂക്ഷം; നേതാക്കളുടെ കൂട്ടരാജി
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി വയനാട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തിലെ അതൃപ്തിയെ തുടർന്ന് വിവിധയിടങ്ങളിൽ പ്രാദേശിക നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചു.
തോമാട്ടുചാൽ, മുട്ടിൽ, കേണിച്ചിറ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർഥി നിർണയമാണ് പ്രധാന തർക്കവിഷയം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ, ജില്ലാ പ്രസിഡന്റ് അമൽ ജോയ് എന്നിവർക്ക് സീറ്റ് നൽകണമെന്ന ആവശ്യം ശക്തമാണ്. വിജയസാധ്യതയില്ലാത്ത സീറ്റുകൾ നൽകി കെഎസ്‌യുവിനെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്നലെ രാത്രി ഡിസിസി ഓഫീസിൽ രൂക്ഷമായ വാക്കുതർക്കങ്ങൾ നടന്നതായാണ് റിപ്പോർട്ട്.
സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയെ തുടർന്ന് ബത്തേരി നെന്മേനിയിൽ നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.കെ. പ്രേമചന്ദ്രൻ, അഷറഫ് പൈകാടൻ, സെക്രട്ടറി സുമേഷ് കോളിയാടി എന്നിവരാണ് ഡിസിസി പ്രസിഡന്റിന് രാജി സമർപ്പിച്ചത്. സ്ഥാനാർഥി നിർണയത്തിലെ അവഗണനയാണ് രാജിക്ക് കാരണമെന്ന് നേതാക്കൾ വ്യക്തമാക്കി.
