നീനു മോഹന് കുപ്പത്തോട് മാധവന്‍ നായര്‍ സ്മാരക പുരസ്‌കാരം

പുല്‍പ്പള്ളി: കുപ്പത്തോട് മാധവന്‍ നായര്‍ സ്മാരക പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തക നീനു മോഹനെ(ബ്യൂറോ ചീഫ്, മാതൃഭൂമി, വയനാട്) തെരഞ്ഞെടുത്തതായി അനുസ്മരണ സമിതി ഭാരവാഹികളായ എം. ഗംഗാധരന്‍, എം.ബി. സുധീന്ദ്രകുമാര്‍, മാത്യു മത്തായി ആതിര, കെ.എസ്. സതി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുപ്പത്തോട് മാധവന്‍ നായരുടെ സ്മരണാര്‍ഥം കുടുംബം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ ശ്രദ്ധേയ സംഭാവനകളാണ് നീനു മോഹനെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം മാധവന്‍നായരുടെ ചരമ വാര്‍ഷിക ദിനമായ ശനിയാഴ്ച(6) രാവിലെ പത്തിന് വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന ചടങ്ങില്‍ നല്‍കും. സാഹിത്യകാരന്‍ ഹാരിസ് നെന്‍മേനി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഒ.കെ. ജോണി പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. ടൗണില്‍ സ്ഥാപിച്ച മാധവന്‍ നായരുടെ പ്രതിമയില്‍ രാവിലെ 9.30ന് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *