കൽപ്പറ്റ: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. വോട്ടിങ് മെഷീനുകള്‍, പോളിങ് സാമഗ്രികള്‍ ഇന്ന് (ഡിസംബര്‍ 10) രാവിലെ എട്ട് മുതല്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഗ്രാമപഞ്ചായത്ത് ബൂത്തുകളിലേക്ക് മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് വിതരണം ചെയ്യുക. നഗരസഭകളിലെ ബൂത്തുകളില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണുണ്ടാവുക.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികള്‍ മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ പോളിങ് സാമഗ്രികള്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ പോളിങ് സാമഗ്രികള്‍ എസ്.കെ.എം.ജെ ഹൈസ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിലെ പോളിങ് സാമഗ്രികള്‍ പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിതരണം ചെയ്യും. കല്‍പ്പറ്റ നഗരസഭയിലെ വോട്ടിങ് സാമഗ്രികള്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലും മാനന്തവാടി നഗരസഭയുടെ മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയുടേത് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും വിതരണം നടത്തും. വോട്ടിങ് മെഷീനുകള്‍ക്ക് തകരാറുണ്ടായാല്‍ പകരം ഉപയോഗിക്കാന്‍ 25 ശതമാനം മെഷീനുകള്‍ കരുതലായി സൂക്ഷിച്ചിട്ടുണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു.
*സമ്മതിദായകര്‍ കരുതേണ്ട തിരിച്ചറിയല്‍ രേഖള്‍*
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ സുതാര്യമായി വോട്ട് രേഖപ്പെടുത്താന്‍ സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈവശം കരുതണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ സ്ലിപ്പ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തിയതിക്ക് ആറുമാസത്തിന് മുമ്പ് നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
*ബൂത്തിലെത്തിയാല്‍ ആശയക്കുഴപ്പം വേണ്ട;* *വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്താം*
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. നഗരസഭകളിലെ വോട്ടര്‍മാര്‍ക്ക്ഒരു വോട്ടാണുള്ളത്. പോളിങ് ബൂത്തില്‍ എത്തിയാല്‍ ഒന്നാം പോളിങ് ഉദ്യോഗസ്ഥന്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും. തുടര്‍ന്ന് രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ സമ്മതിദായകന്റെ ഒപ്പ് രേഖപ്പെടുത്തി വോട്ട് ചെയ്യാന്‍ സ്ലിപ് കൈമാറും. വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥന്സ്ലിപ് കൈമാറുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ മെഷിന്‍ സജ്ജമാക്കും. വോട്ട് രേഖപ്പെടുത്താന്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ശേഷം ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണ്‍ അമര്‍ത്തുന്ന സമയത്ത് ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയും. മൂന്ന് വോട്ടുകളും രേഖപ്പെടുത്തി എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കുമ്പോഴാണ് വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാവുന്നത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലായിരിക്കും മെഷീനുകള്‍ ക്രമീകരിക്കുക.
ജില്ലാ പഞ്ചായത്തിലെ വോട്ട് രേഖപ്പെടുത്താനുള്ള മെഷീനില്‍ ഏറ്റവും താഴെയായി എന്‍ഡ് ബട്ടണുണ്ടാവും. നഗരസഭയുടെ ബാലറ്റില്‍ എന്‍ഡ് ബട്ടണില്ല. മൂന്ന് വോട്ടും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ താത്പര്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തി എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ചുവപ്പ് ലൈറ്റ് തെളിയുകയും നീണ്ട ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്യും. ഇതോടെ വോട്ട് രേഖപ്പെടുത്തല്‍ പ്രക്രിയ പൂര്‍ത്തിയാവും. ബീപ് ശബ്ദം കേള്‍ക്കാതിരുന്നാലോ സഹായം ആവശ്യമുണ്ടെങ്കിലോ വോട്ടര്‍മാര്‍ പ്രിസൈഡിങ് ഓഫീസറുമായി ബന്ധപ്പെടണം.
*തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍*
തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത്- മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത്- സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്
കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് – കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍
പനമരം ബ്ലോക്ക്പഞ്ചായത്ത് – പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കല്‍പ്പറ്റ നഗരസഭ- കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍
മാനന്തവാടി നഗരസഭ- മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
സുല്‍ത്താന്‍ ബത്തേരി നഗരസഭ- അസംപ്ഷന്‍ ഹൈസ്‌കൂള്‍
