കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സി.ഒ.എ. രൂപീകൃതമായിട്ട് 30 വർഷം പിന്നിടുകയാണ്. 90-കളിൽ വീഡിയോ ചാനലുകളുടെ വിതരണത്തിനായി രൂപം കൊണ്ട കേബിൾ ടി വി സേവന രംഗം ഇപ്പോൾ ആധുനിക വിവര വിനിമയ രംഗത്ത് നിർണ്ണായക പങ്കുവഹിക്കുന്നു. കേബിൾ ടി വി സേവന ദാതാക്കളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിധം തുടർച്ചയായ പ്രതിസന്ധികൾ നേരിടേണ്ടിവന്നപ്പോൾ 1996-ലാണ് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സി.ഒ. എ എന്ന സംഘടന രൂപം കൊണ്ടത്.
ചാനലുകളുടെ എണ്ണത്തിലും ഉള്ളടക്കത്തിലുമുണ്ടായ വൈവിധ്യങ്ങൾ, അതിവേഗമുള്ള സാങ്കേതിക മാറ്റങ്ങൾ, വിദേശ സ്വദേശ കമ്പനികളുടെ വൻ മൂലധന നിക്ഷേപം, സർക്കാർ നടപ്പിലാക്കിയ കർശന നിയമങ്ങളും റെഗുലേഷനുകളും എല്ലാം ചേർന്ന് ഈ രംഗത്തു വരുത്തിയ മാറ്റങ്ങൾ വിവരണാതീതമാണ്. ഈ മാറ്റങ്ങളെ സ്വീകരിക്കാൻ കഴിയാത്ത ഇന്ത്യയിലെ പതിനായിരക്കണക്കിന് കേബിൾ ടി വി സേവന ദാതാക്കൾ ഈ രംഗം ഉപേക്ഷിക്കാൻ നിർബന്ധിതരായിട്ടുണ്ട്. കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഈ വെല്ലുവിളികളെ ഇച്ഛാശക്തിയോടെ ഏറ്റെടുത്തത് കേരളം മാത്രമാണ്. ഒരേ സമയം സി.ഒ.എ ഒരു സമര സംഘടനയായും അധിനിവേശ കമ്പനികൾക്ക് വെല്ലുവിളി ഉയർത്തിയ ബദൽ ബിസിനസ് സംരംഭകരായും പ്രവർത്തിച്ചു.
സി.ഒ.എ-യുടെ നേതൃത്വത്തിൽ രൂപം കൊണ്ട കേരള വിഷൻ കേബിൾ ടിവി ഇന്ത്യയിലെ ഏറ്റവും വലിയ 4-ാമത്തെയും, കേരള വിഷൻ ബ്രോഡ്‌ബാൻഡ് ഇന്ത്യയിലെ ഏറ്റവും വലിയ 6-ാമത്തെയും സംരംഭങ്ങളായി വളർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ടു കമ്പനികളും ചേർന്ന് ആയിരം കോടിയിൽ പരം രൂപയുടെ വിറ്റുവരവ് എന്ന നിർണായക നേട്ടം കൈവരിച്ചു. ഉപഗ്രഹ ചാനലുകൾ ഉൾപ്പെടെ മാധ്യമരംഗത്ത് സി.ഒ.എ-യ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്. സഹകരണ ബാങ്കിംഗ്, സോളാർ, ടൂറിസം, ഐ ടി, ഇൻ്റഗ്രേറ്റഡ് ബിൽഡിംഗ് മാനേജ്‌മെൻ്റ് സൊല്യൂഷനുകൾ തുടങ്ങിയ ബഹുമുഖമായ മേഖലകളിലും കേരള വിഷൻ്റെ പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്.
കേരള വിഷൻ്റെ ഈ സമാനതകളില്ലാത്ത സംരംഭകത്വ മാതൃകയുടെ ഏകോപന പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നത് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആണ്. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന സി.ഒ.എ-യുടെ സമ്മേളനങ്ങൾ പദ്ധതികളുടെ അവലോകനവും നയരൂപീകരണവും നടത്തുന്ന വേദികളായിരിക്കും. മാർച്ച് അവസാനവാരം തിരൂരിൽ വെച്ചു നടക്കുന്ന 15-ാമത് സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള വയനാട് ജില്ലാ സമ്മേളനമാണ് ഫെബ്രുവരി 3-ാം തീയതി മുട്ടിൽ കോപ്പർ കിച്ചൺ കോൺഫറൻസ് ഹാളിൽ വെച്ചു നടക്കുന്നത്. വയനാട് ജില്ലാ സമ്മേളനം സി.ഒ.എ സംസ്ഥാന പ്രസിഡൻ്റ് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. മൻസൂർ സംഘടനാ നയരേഖയും കേരള വിഷൻ ചെയർമാൻ കെ. ഗോവിന്ദൻ ബിസിനസ് നയ രേഖയും അവതരിപ്പിക്കും. വിവിധ പദ്ധതികളുടെ സൂക്ഷ്മമായ അവലോകനത്തിനും വിശദമായ ചർച്ചകൾക്കും ശേഷം അടുത്ത രണ്ടു വർഷത്തേക്കുള്ള സി.ഒ.എ-യുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജില്ലാ സമ്മേളനത്തിൽ വെച്ചു നടക്കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 85 കേബിൾ ടിവി ഓപ്പറേറ്റർമാരാണ് പ്രതിനിധികളായി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:
, സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
ഗോവിന്ദൻ കെ,
കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ,
ജില്ലാ പ്രസിഡണ്ട്
ബിജു ജോസ്,
വയനാട് ജില്ലാ സെക്രട്ടറി
അഷ്റഫ് പൂക്കയിൽ,
സ്വാഗതസംഘം കൺവീനർ കാസിം പി,
, സി.ഒ.എ ട്രഷറർ
അബ്ദുള്ള സി. എച്ച്
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
