മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പിപ്പും ലാപ്ടോപ്പുകളും വിതരണം ചെയ്തു. പ്രഫഷണല്‍ ബിരുദം, ബിരുദം, ബിരുദാനന്തര കോഴ്സുകള്‍ക്ക് സർക്കാർ അംഗീകൃത കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന 16 പട്ടികജാതി വിദ്യാർത്ഥികള്‍ക്കാണ് ലാപ്ടോപ്പുകളും, സ്കോളർഷിപ്പും വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് ഈ ഇനത്തില്‍ പത്ത് ലക്ഷം രൂപയാണ് വകയിരുത്തി ചെലവഴിച്ചത്. ഗ്രാമസഭകള്‍ തെരഞ്ഞെടുത്ത അർഹരായ വിദ്യാർത്ഥികള്‍ വിദ്യാഭ്യാസത്തിനായി ഈ പദ്ധതി ഏറെ പ്രയോജനം ചെയ്തുവെന്ന് ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച വിതരണോദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്‍റ് ലിസി സാബു പറഞ്ഞു. കഴിഞ്ഞയാഴ്ച പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാർത്ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായമായി 165000/- രൂപ വിതരണം ചെയ്തിരുന്നു. ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ഷിനു കച്ചിറയില്‍ അധ്യക്ഷനായി, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മിനി ജെയിംസ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ മുനീർ ആച്ചിക്കുളത്ത്, ആരോഗ്യവും-വിദ്യാഭ്യാസവും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷൈനി സണ്ണി, മെമ്പർ സജി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാർത്ഥികള്‍, രക്ഷകർത്താക്കള്‍, ഗ്രാമ പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
