വെള്ളമുണ്ട: പ്രവാചകന്‍മാരുടെ അനന്തരവകാശികളായ മുഅല്ലിം സമൂഹം തങ്ങളുടെ ജീവിതം പില്‍ക്കാലത്തേക്ക് കൂടി അടയാളപ്പെടുത്തണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നന്മയുടെ സന്ദേശവാഹകരായ മുഅല്ലിമുകള്‍ സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ട് ഭാവിതലമുറയെ നന്മയുടെ പാതയില്‍ വളര്‍ത്തിയെടുക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വെള്ളമുണ്ട സമസ്താലയത്തില്‍ സംഘടിപ്പിച്ച ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നന്മ കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന മുഅല്ലിമുകളെ ചേര്‍ത്തുപിടിക്കാന്‍ പൊതുസമൂഹവും രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ മുഅല്ലിംഡേ കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.വി.എസ് തങ്ങള്‍ തലപ്പുഴ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ഫൈസി പനമരം പ്രമേയപ്രഭാഷണവും ഷൗക്കത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണവും നടത്തി. സയ്യിദ് അഹമ്മദ് സഈദ് ജിഫ്‌രി പ്രാര്‍ഥന നടത്തി. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം. ഹസന്‍ മുസ്ലിയാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം കേളോത്ത് അബ്ദുല്ല, പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി സംസാരിച്ചു. പി. അബ്ദുല്ലക്കുട്ടി ദാരിമി, അബ്ദുല്‍ മജീദ് അന്‍സ്വരി, അബ്ദുറസാഖ് ദാരിമി, മുഹമ്മദലി റഹ്മാനി, അഷ്‌റഫ് വെള്ളിലാടി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സി.പി ഹാരിസ് ബാഖവി സ്വാഗതവും ട്രഷറര്‍ പി. സൈനുല്‍ ആബിദീന്‍ ദാരിമി നന്ദിയും പറഞ്ഞു.
മുഅല്ലിം ഡേ; നാളെ പള്ളികളില്‍ ഉല്‍ബോധനം
കല്‍പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആചരിക്കുന്ന മുഅല്ലിംഡേ കാംപയിനിന്റെ പ്രചരണാര്‍ഥം നാളെ പള്ളികളില്‍ ഉല്‍ബോധനവും ഫണ്ട് സമാഹരണ കവര്‍ വിതണോദ്ഘാടനവും നടത്താന്‍ ഖത്തീബുമാരോടും മഹല്ല് ഭാരവാഹികളോടും ജില്ലാ ഭാരവാഹികളായ സയ്യിദ് കെ.വി.എസ് തങ്ങള്‍ തലപ്പുഴ, ഹാരിസ് ബാഖവി കമ്പളക്കാട്, പി. സൈനുല്‍ ആബിദീന്‍ ദാരിമി എന്നിവര്‍ അഭ്യര്‍ഥിച്ചു.
