തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്; പ്രധാനാധ്യാപകര്‍ക്കായി പോലീസിന്റെ പരിശീലന പരിപാടി

കല്‍പ്പറ്റ: കേരളാ പോലീസിന്റെ ‘തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കുന്നതിനായി പ്രധാനാധ്യാപകര്‍ക്കായി വയനാട് ജില്ലാ പോലീസ് സോഷ്യല്‍ പോലീസ് ഡിവിഷന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, പി.ടി.എ, എസ്.പി.സി, ജനമൈത്രി പോലീസ്, തുടങ്ങിയവയെ ഏകോപിപ്പിച്ചു കൊണ്ട് ജില്ലയിലുടനീളം ലഹരിക്കെതിരെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ അഡിഷണല്‍ എസ്.പി കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ ഡി.ഇ.ഒ സി.വി. മന്‍മോഹന്‍ മുഖ്യാതിഥിയായി. ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.പി. രാജേഷ് വിഷയാവതരണം നടത്തി. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം, ഡിജിറ്റല്‍ അഡിക്ഷന്‍, ക്രിമിനല്‍ വാസന, ഡ്രോപ് ഔട്ട് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. സോഷ്യല്‍ പോലീസിങ്ങ് ഡിവിഷന്‍ ജില്ലാ എ.ഡി.എന്‍.ഒ കെ.എം. ശശിധരന്‍, എസ്.പി.സി പ്രൊജക്ട് ജില്ലാ എ.ഡി.എന്‍.ഒ കെ. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളം അദ്ധ്യാപകര്‍ പങ്കെടുത്തു.

 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗം, വില്‍പ്പന, വ്യാപനം എന്നിവ തടയുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിനുമായി എല്ലാ സ്‌കൂളുകളിലും ‘സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്- എസ്.പി.ജി’ രൂപവത്കരിച്ചിട്ടുണ്ട്. പ്രധാനാധ്യാപകന്‍ ചെയര്‍മാനും, സ്‌കൂള്‍ പരിധിയിലെ സ്‌റ്റേഷനിലെ എസ്.എച്ച്.ഒ കണ്‍വീനറും, പോലീസ് ഉദ്യോഗസ്ഥന്‍ ജോ. കണ്‍വീനറുമായ എസ്.പി.ജി ഗ്രൂപ്പുകളില്‍ മറ്റ് അധ്യാപകരും, ജന പ്രതിനിധികളും , വിദ്യാര്‍ത്ഥി പ്രതിനിധികളും, കച്ചവടക്കാരും, ഓട്ടോ ഡ്രൈവർമാരും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, പ്രദേശവാസികളും അംഗങ്ങളാണ്. സ്‌കൂളുകളില്‍ പരാതിപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്. സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ അഡിക്ഷന്‍, ആന്റി റാഗിങ്, പോക്‌സോ നിയമം, രാജ്യത്തെ മാറിയ നിയമങ്ങള്‍ എന്നിവയെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസുകളും പരിപാടിയും പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *