സ്വകാര്യ ബസ് സർവീസ്‌ മേഖലയിലെ പ്രതിസന്ധി പരിഹരിരിച്ച് ജനങ്ങളുടെ യാത്രാസ‍ൗകര്യം ഉറപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം: സിപിഐ എം

ജില്ലയിലെ സ്വകാര്യ ബസ് സർവീസ്‌ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. തിങ്കളാഴ്‌ച ബസ്‌ ജീവനക്കാർ ഉടമകളുടെ പിന്തുണയോടെ സൂചനാ പണിമുടക്ക്‌ നടത്തുകയാണ്‌. ജൂലൈ ഒന്നുമുതൽ അനിശ്ചിതകാലം സർവീസ്‌ നിർത്തിവയ്‌ക്കാനാണ്‌ തീരുമാനം. ഒന്നുമുതൽ ഓട്ടം നിർത്താൻ മുന്നൂറോളം ബസ്‌ ഉടമകൾ മോട്ടോർ വാഹന വകുപ്പിന്‌ ഫീസ്‌ അടച്ച്‌ ജി ഫോം നൽകി. ഒരുവർഷത്തേക്ക്‌ സർവീസ്‌ നിർത്താണ്‌ ജി ഫോം നൽകിയത്‌. വരും ദിവസം കൂടുതൽപേർ നൽകും.

സർവീസ്‌ നിർത്തിയാൽ ജില്ലയിലെ യാത്രാപ്രശ്‌നം ഗുരുതരമാകും. വിദ്യാർഥികളുൾപ്പെടെയുള്ളവർ വലയും. ജില്ലയിലെ ഭൂരിഭാഗം വിദ്യാർഥികളും സ്‌കൂളിലും കോളേജുകളിലും പോകാൻ സ്വകാര്യ ബസ്സുകളെയാണ്‌ ആശ്രയിക്കുന്നത്‌. ഇവയുടെ ഓട്ടം നിലച്ചാൽ പഠനം മുടങ്ങും. മറ്റുള്ളവരുടെ യാത്രയും ഗുരുതര പ്രതിസന്ധിയിലാകും. സ്വകാര്യ ബസ്സുകളെ മാത്രം ആശ്രയിച്ച്‌ തൊഴിലിന്‌ പോയി തിരിച്ചുവരുന്നവർ ഏറെയാണ്‌. ഇവരും പ്രതിസന്ധിയിലാകും. മറ്റുയാത്രാ സ‍ൗകര്യങ്ങൾ ഇല്ലാത്ത പ്രദേശങ്ങൾ നിരവധിയാണ്‌. ഇവിടെ ജനജീവിതംതന്നെ സ്‌തംഭിക്കും. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ. ദിവസവും കിലോമീറ്ററുകളോളം യാത്രചെയ്‌ത്‌ പണിയെടുത്ത്‌ കുടുംബം പുലർത്തുന്നവരാണ്‌ ജില്ലയിലെ തൊഴിലാളികളിൽ സിംഹഭാഗം. അനിശ്ചിതകാലം സർവീസ്‌ നിർത്തിവയ്‌ക്കുന്നത്‌ ആയിരക്കണക്കിന്‌ ബസ്‌ തൊഴിലാളികളുടെ കുടുംബങ്ങളെയും ഇരുട്ടിലാക്കും.

ഒരുവർഷത്തേക്ക്‌ സർവീസ്‌ നിർത്തുമെന്ന പ്രഖ്യാപനമുണ്ടായിട്ടും സർക്കാർ ഒരുഇടപെടലും നടത്തിയിട്ടില്ല. ദുരിതം മുഴുവൻ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുകയാണ്‌.

460 സ്വകാര്യ ബസാണ്‌ ജില്ലയിൽ സർവീസ്‌ നടത്തുന്നത്‌. എല്ലാവരും ജൂലൈ ഒന്നുമുതൽ അനിശ്ചിതകാലം സർവീസ്‌ നിർത്തുമെന്നാണ്‌ സംഘടനാ ഭാരവാഹികൾ അറിയിച്ചിട്ടുള്ളത്‌.

ഇപ്പോഴത്തെ നിലയിൽ സർവീസ്‌ നടത്തിക്കൊണ്ടുപോകാനാകില്ലെന്നും കിട്ടുന്ന വരുമാനം ഡീസൽ ചെലവിനും ഡ്രൈവറുടെയും കണ്ടക്ടറുടെയും കൂലിക്കും തികയുന്നില്ലെന്നും പ്രതിദിനം ബാധ്യത ഏറുകയാണെന്നുമാണ്‌ ബസ്‌ ഉടമകളുടെ നിലപാട്‌. ഉടമകളുടെ സംഘടനകളായ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷനും ബസ്‌ ഓണേഴ്‌സ്‌ ഓർഗനൈസേഷനും സമരം പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇപ്പോൾത്തന്നെ പലസർവീസുകളും വെട്ടിച്ചുരുക്കി. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട്‌ സ്വകാര്യ ബസ്‌ മേഖലയിലെ പ്രതിസന്ധി പരിഹരിച്ച്‌ ജനങ്ങളുടെ യാത്രാ സ‍ൗകര്യം ഉറപ്പാക്കണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *