അമ്പലവയൽ:ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇവാലുവേഷൻ മീറ്റിംഗിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷന്റെ ‘ജീവിതമാണ് ലഹരി’ സെമിനാറും കായികതാരങ്ങളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.സംസ്ഥാന സബ്ജൂനിയർ ഗേൾസ് ഫുട്ബോൾ ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.ടി.അലംകൃത ലക്ഷ്മി, അൻഹ ഷെറിൻ,ഗൗരി സജി എന്നീ പ്രതിഭകളെ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉപഹാരം നൽകി ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് വത്സ ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ‘ജീവിതമാണ് ലഹരി’ എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.
“തെറ്റായ ലഹരികളിൽ നിന്നും വഴിമാറ്റി പോസിറ്റീവായ കാര്യങ്ങളിലേക്ക് കുട്ടികൾക്ക് വഴികാട്ടുന്നകാര്യത്തിൽ മാതാപിതാക്കൾക്ക് പ്രത്യേക പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജന്മം നൽകുന്നതുകൊണ്ട് മാത്രം മാതാപിതാക്കളുടെ കടമ കഴിയുന്നില്ലെന്നും, സമൂഹത്തിന് ദ്രോഹകരമാകാതെ മക്കളെ സാമൂഹ്യവൽക്കരിക്കാൻ കുടുംബത്തിന് കഴിയണമെന്നും, ലക്ഷ്യബോധവും സാമൂഹിക മൂല്യങ്ങളും പിന്തുടരുന്ന ഒരു തലമുറയെ വളർത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു”.
ശ്രേയസ് അമ്പുകുത്തി യൂണിറ്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ ജാൻസി ബെന്നി ചടങ്ങിന് സ്വാഗതം ആശംസിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പി.എഫ്.പോൾ, സെൻട്രൽ പ്രോഗ്രാം ഓഫീസർ ജിലി ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബബിത സജിത് ലാൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
