സുൽത്താൻ ബത്തേരി: പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ട ആദിവാസി വിദ്യാർത്ഥി മനുവിന്റെ മരണം ആദിവാസി വിഭാഗത്തോടുള്ള സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ. എസ്. മുഹമ്മദ് സകരിയ്യ.
മനുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈവേ പോലീസിന്റെയും ഫോറസ്റ്റ് വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകളിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയും, സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയും വേണം.
അപകടത്തിന് ശേഷം ഒരു മണിക്കൂറോളം ആംബുലൻസിനായി കാത്തിരിക്കേണ്ടിവന്ന സാഹചര്യത്തിൽ, മുത്തങ്ങ ജനകീയ ആരോഗ്യകേന്ദ്രത്തിൽ മുൻപ് ഉണ്ടായിരുന്ന ആംബുലൻസ് സേവനം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദിവാസികളുടെ ജീവനും മറ്റെല്ലാ പൗരൻമാരുടെ ജീവനെപ്പോലെ വിലപ്പെട്ടതാണെന്നും മനുവിന്റെ മരണത്തിൽ നീതി ഉറപ്പാക്കുകയും, ഇത്തരമൊരു ദുരന്തം ഇനി ആവർത്തിക്കാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക പ്രവർത്തക പ്രകൃതി, സാദിഖലി വി ഐ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
