കെട്ടിടമില്ല, പുതിയ ബാച്ചിന് ക്ലാസ് മുറിയുമില്ല; റൂസ കോളേജിനോടുള്ള സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്സ്

കൽപ്പറ്റ:  ആവശ്യമായ ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ മാനന്തവാടി റൂസ ഗവ. മോഡൽ ഡിഗ്രി കോളേജ് പ്രവർത്തിക്കുന്നത് വിദ്യാർത്ഥികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.

റൂസ കോളേജിനായി തൃശ്ശിലേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മാസങ്ങൾക്ക് മുമ്പ് ഏറ്റെടുത്തിട്ടുണ്ട്. സ്ഥലം ലഭ്യമായിട്ടും സ്ഥിരം കെട്ടിടത്തിന്റെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഒരു വർഷമായി താൽക്കാലിക സംവിധാനത്തിൽ കോളേജ് പ്രവർത്തിച്ചിട്ടും പുതിയ ബാച്ചിന് ആവശ്യമായ സൗകര്യങ്ങൾ പോലും ഒരുക്കാൻ കഴിയാത്തത് സർക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണ്.

നിലവിൽ മാനന്തവാടി ഗവ. കോളേജിന് സമീപത്തെ താൽക്കാലിക കെട്ടിടത്തിലാണ് റൂസ കോളേജ് പ്രവർത്തിക്കുന്നത്. ഒരു വർഷമായി ഒരു ബാച്ച് വിദ്യാർത്ഥികൾ ഇവിടെ പഠിച്ചുവരികയാണ്. ഇതിനിടെ പുതിയ ബാച്ചിലേക്ക് പ്രവേശനം നൽകിയെങ്കിലും പുതിയ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ആവശ്യമായ ക്ലാസ് മുറികൾ പോലും ഒരുക്കിയിട്ടില്ല. പുതിയ ബാച്ചിന്റെ പഠനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നത് ആശങ്കയായി തുടരുകയാണ്.

റൂസ കോളേജ് പ്രഖ്യാപിച്ചതു മുതൽക്കേ മാറി മാറി വന്ന ഗവണ്മെന്റുകളുടെ ഈ പദ്ധതിയോടുള്ള അനാസ്ഥ ആശങ്ക പ്രകടിപ്പിക്കുന്നതാണ്.

നൂതന കോഴ്സുകൾ ആരംഭിച്ചിട്ടും അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തത് വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. ലൈബ്രറി സൗകര്യങ്ങളുടെ അപര്യാപ്തത, ഓഫീസ് സംവിധാനത്തിലെ പരിമിതികൾ, ആവശ്യമായ ജീവനക്കാരുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കും അടിയന്തര പരിഹാരം കാണണം.

സ്ഥിരം കെട്ടിടത്തിന്റെ നിർമ്മാണം അടിയന്തരമായി ആരംഭിക്കുകയും അതുവരെ പുതിയ ബാച്ചിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സംവിധാനമൊരുക്കുകയും വേണം.

 

ആവശ്യമായ അധ്യാപകരെയും ജീവനക്കാരെയും നിയമിച്ച് കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

 

യോഗത്തിൽ ജില്ലാ കൺവീനർ കെ.എസ് മുഹമ്മദ് സകരിയ്യ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റിയംഗം ടി അബ്‌ദുൽ നാസർ ഉദ്ഘാടനം ചെയ്തു.

എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം ഷമീർ പി, യങ് ഡെമോക്രാറ്റ്സ് ജില്ലാ ജോയിന്റ് കൺവീനർമാരായ മുഹമ്മദ് ആഷിഖ് പി, മുഹമ്മദ് സവാദ് വി, മുഹമ്മദ്‌ അൻഷിഫ് പി, സുമയ്യ പി കെ, നയൻ‌താര എം സി, കമ്മിറ്റിയംഗങ്ങളായ സലാഹുദ്ധീൻ, യാസിർ പി ടി, അനസ്, അഫ്സൽ എം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *