തിരുവനന്തപുരം: പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തരവകുപ്പ്. എസ്ഐ മുതൽ എസ്‌പിമാർ വരെയുള്ളവർ ഇനി ഒരേ സംഘടനയിൽ അംഗങ്ങളാകും.
പൊലീസ് സംഘടനകളുടെ അംഗത്വ ഘടനയിൽ മാറ്റം വരുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതോടെ നിലവിലുള്ള സംഘടനകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി.
കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ (കെപിഒഎ) ഇല്ലാതായി പകരം കേരള പൊലീസ് സീനിയർ ഓഫിസേഴ്സ് അസോസിയേഷൻ (കെപിഎസ്ഒഎ) രൂപീകരിക്കും. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് സീനിയർ ഓഫിസേഴ്സ്
അസോസിയേഷൻ എന്നീ 2 സംഘടനകളായിരിക്കും ഇനിയുണ്ടാവുക.
സിവിൽ പൊലീസ് ഓഫിസർ (സിപിഒ) മുതൽ ഗ്രേഡ് എസ്‌ഐ വരെയുള്ളവർ പൊലീസ് അസോസിയേഷനിൽ അംഗങ്ങളാകും. എസ്‌ഐ മുതൽ എസ്‌പി (നോൺ ഐപിഎസ്) വരെയുള്ളവർ സീനിയർ ഓഫിസേഴ്സ് അസോസിയേഷന്റെ ഭാഗമാകും. പുതിയ ഭാരവാഹികളെ സെപ്റ്റംബർ 30നകം തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കും. രണ്ടു വർഷമായിരിക്കും കാലാവധി. തിരഞ്ഞെടുപ്പ് വരെയുള്ള ഭരണപരമായ ചുമതലകൾ നിർവഹിക്കാൻ സംസ്ഥാന, ജില്ലാതല അഡ്ഹോക് കമ്മിറ്റികൾ രൂപീകരിക്കും.
കേരള പൊലീസ് അസോസിയേഷൻ (സിപിഒ- സീനിയർ സിപിഒ), കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ (എഎസ്ഐ ഇൻസ്പെക്ടർ), സർവീസ് ഓഫിസേഴ്സ് അസോസിയേഷൻ (ഡിവൈഎസ്‌പി – എസ്‌പി) എന്നിവയാണു നിലവിലെ സംഘടനകൾ. ഇതിൽ സർവീസ് ഓഫിസേഴ്സ് അസോസിയേഷനിൽ ആകെ 370 പേർ മാത്രമാണുണ്ടായിരുന്നത്. എണ്ണത്തിൽ കുറവായതിനാൽ സമ്മേളനം വിളിക്കാൻ പോലുമാകുന്നില്ലെന്ന പരാതി അസോസിയേഷൻ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐ മുതൽ എസ്പിമാർ വരെയുള്ളവരെ ഉൾപ്പെടുത്തി ഒറ്റ സംഘടനയാക്കിയത്.
