തിരുവനന്തപുരം : സംസ്ഥാനത്തെ ട്രഷറികളിലെത്തുന്ന അവശരായ മുതിർന്ന പൗരന്മാർക്ക് കാലതാമസം കൂടാതെ ട്രഷറി ഇടപാടുകൾ പൂർത്തിയാക്കി നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മുതിർന്ന പൗരന്മാരോട് മാന്യമായി പെരുമാറാൻ ട്രഷറി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസർക്ക് നിർദ്ദേശം നൽകി.
2024 ഓഗസ്റ്റ് 29 ന് കുടുംബ പെൻഷൻ വാങ്ങാൻ നെയ്യാറ്റിൻകര പെൻഷൻ പേമെന്റ് സബ്ട്രഷറിയിലെത്തിയ രോഗിയായ അമ്മയെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചെന്ന മകളുടെ പരാതിയിലാണ് നടപടി. നട്ടെല്ലിന് ശസ്തക്രിയ നടന്നതിനാൽ വേദന കൊണ്ട് പുളയുകയായിരുന്ന അമ്മയെ ക്യാഷ് കൗണ്ടറിലെത്തിക്കാൻ ഉദ്യോഗസ്ഥൻ നിർബന്ധിച്ചതായി പരാതിയിൽ പറഞ്ഞു.
പരാതിക്കാരിക്ക് പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും ട്രഷറിയിലെത്തുന്ന അവശരായ മുതിർന്ന പൗരന്മാർക്ക് പരിഗണന നൽകാൻ നടപടി സ്വീകരിച്ചാൽ മതിയെന്നും പരാതിക്കാരി അറിയിച്ചതായി ജില്ലാ ട്രഷറി ഓഫീസർ കമ്മീഷനെ അറിയിച്ചു. പള്ളിച്ചൽ ഗുരുദേവ് നഗർ സ്വദേശിനി എസ്.കെ. സീമ സമർപ്പിച്ച പരാതിയിലാണ് നടപടി.
