മടക്കിമല മെഡിക്കൽ കോളേജ്:  വയനാടിനെ കേന്ദ്ര-സംസ്ഥാന സർക്കാറുകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവഗണിക്കുന്നതായി ആക്ഷൻ കമ്മിറ്റി

    മുട്ടിൽ: മടക്കിമലയിൽ അനുവദിച്ച മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ ടൗണിൽ സായാഹ്ന ധർണയും തെരുവുനാടകവും നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാറുകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വയനാടിനെ അവഗണിക്കുകയാണെന്ന് ധർണയിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി.

    വയനാടിന് റെയിൽവേ, ജലഗതാഗതം, വ്യോമഗതാഗത സൗകര്യങ്ങളില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. തൊട്ടടുത്തുള്ള മൈസൂരുമായി ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്ന റോഡ് പത്ത് വർഷത്തിലേറെയായി സന്ധ്യയായാൽ അടച്ചിടുകയാണ്. കോഴിക്കോട് ചുരത്തിൽ ചെറിയൊരു ഗതാഗത തടസ്സം ഉണ്ടായാൽ പോലും വയനാടിന്റെ യാത്രാസൗകര്യം താറുമാറാകുന്ന സാഹചര്യമാണുള്ളതെന്നും അവർ പറഞ്ഞു.

    കേരളത്തിൽനിന്ന് വിവിധ നികുതികളായി വൻതുക കേന്ദ്ര സർക്കാറിന് ലഭിക്കുന്നുണ്ടെങ്കിലും, പതിറ്റാണ്ടുകളായി വയനാടിന് ഒരു കേന്ദ്ര സർക്കാർ ആശുപത്രി പോലും അനുവദിച്ചിട്ടില്ലെന്നും ധർണയിൽ പങ്കെടുത്തവർ ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ സർക്കാറുകളും കഴിഞ്ഞ വർഷങ്ങളായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറും വയനാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ആവശ്യമായ പരിഗണന നൽകിയിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.

    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അനുവദിച്ച വയനാട് മെഡിക്കൽ കോളേജ് പദ്ധതി പിന്നീട് പരിസ്ഥിതി റിപ്പോർട്ടിന്റെ പേരിൽ അട്ടിമറിക്കപ്പെട്ടുവെന്നും ധർണയിൽ ആരോപണമുയർന്നു. ജിനചന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 54 ഏക്കർ ഭൂമി മടക്കിമലയിൽ ലഭ്യമായിരിക്കെ, വീണ്ടും വയനാട്ടിൽ ഭൂമി അന്വേഷിക്കുന്നത് വയനാട്ടുകാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവർ പറഞ്ഞു.

    മടക്കിമല ഭൂമി വയനാടിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നതും മെഡിക്കൽ കോളേജിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അനുയോജ്യവുമാണെന്നും, യാതൊരു വിധത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങളും ഇല്ലാതെ ഭൂമി സൗജന്യമായി ലഭിച്ചിട്ടും പദ്ധതി നടപ്പാക്കാത്തത് ദുരൂഹമാണെന്നും ധർണയിൽ സംസാരിച്ചവർ ആരോപിച്ചു.

    വയനാട്ടിൽ ആരംഭിച്ച കാരാപ്പുഴ, ബാണാസുര, പൂഴിത്തോട് പദ്ധതികളുടെ അവസ്ഥപോലെ മടക്കിമല മെഡിക്കൽ കോളേജും ഉപേക്ഷിക്കപ്പെടുകയാണോ എന്ന ആശങ്കയും അവർ പങ്കുവെച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന സമീപനമാണ് വയനാടിന്റെ കാര്യത്തിൽ ഇപ്പോൾ സ്വീകരിക്കുന്നതെന്നും അവർ ആരോപിച്ചു.

    മടക്കിമലയിൽനിന്ന് കല്ലെടുത്തെറിഞ്ഞാൽ എത്താവുന്ന ദൂരത്ത് താമസിക്കുന്ന ജനപ്രതിനിധികൾ പോലും വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും ധർണയിൽ വിമർശനമുയർന്നു. മുസ്ലിം ലീഗും മെഡിക്കൽ കോളേജ് പദ്ധതി അട്ടിമറിക്കപ്പെട്ട കാലത്ത് അധികാരത്തിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളും വിഷയത്തിൽ വേണ്ടത്ര ഇടപെടുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

    ധർണയിൽ ഉയർന്നു. വയനാട്ടിലെ ജനങ്ങളുടെ വോട്ടിന്റെ ശക്തിയെ രാഷ്ട്രീയ പാർട്ടികൾ വിലകുറച്ച് കാണരുതെന്നും, പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വൻ ഭൂരിപക്ഷത്തിലും ജില്ലയിലെ എംഎൽഎമാരുടെ ഭൂരിപക്ഷത്തിലും വയനാട്ടിലെ സാധാരണക്കാരുടെ വോട്ടിനും പങ്കുണ്ടെന്നും ധർണയിൽ പങ്കെടുത്തവർ പറഞ്ഞു. തങ്ങൾ വെറും വോട്ട് ചെയ്യുന്ന തൊഴിലാളികളല്ലെന്നും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ജനങ്ങളാണെന്നും അവർ വ്യക്തമാക്കി.

    ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച ധർണയിൽ മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി വർക്കിംഗ് കൺവീനർ ഇക്ബാൽ മുട്ടിൽ അധ്യക്ഷ വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അഷ്റഫ് കൊട്ടാരം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ പി ഫിലിപ്പ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.

    ബിജെപി ജില്ലാ സെക്രട്ടറി പി ബി ന്യൂട്ടൻ.

    മൊയ്തു കാവുങ്ങൽ.

    അബ്ദുൽ ഖാദർ മടക്കിമല. അഡ്വക്കറ്റ് ടി യു ബാബു. സ് രാജീവൻ. നാസർ പാലൂര്. പി കെ ഭഗത്. അഷ്റഫ് പഞ്ചാര. രാമചന്ദ്രൻ തൃക്കപ്പറ്റ. ലത്തീഫ് പഞ്ചാര തുടങ്ങിയവർ പ്രസംഗിച്ചു

    ഓഗസ്റ്റ് 15ന് കലക്ടറേറ്റ് പടിക്കൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചുദിവസത്തെ സത്യാഗ്രഹ സമരം മോശം കാലാവസ്ഥ പരിഗണിച്ച് സെപ്റ്റംബർ ആദ്യവാരത്തിലേക്ക് മാറ്റിവെച്ചതായി ആക്ഷൻ കമ്മിറ്റി അറിയിച്ചു.

    ധർണയോടനുബന്ധിച്ച് അഷ്റഫ് പഞ്ചാര അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി. മടക്കിമല മെഡിക്കൽ കോളേജ് വിഷയവും വയനാടിന്റെ വികസന പിന്നാക്കാവസ്ഥയും പ്രമേയമാക്കിയ തെരുവുനാടകം ജനങ്ങൾ കണ്ണീരോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞദിവസം അശ്റഫ് പഞ്ചാര കമ്പളക്കാട് ടൗൺ അവതരിപ്പിച്ച തെരുവുനാടകം കുറഞ്ഞ ദിവസം കൊണ്ട് വയർ ലായിരിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ 15 ലക്ഷത്തിലധികം ആളുകളാണ് അത് കണ്ടത് ആയിരക്കണക്കിന് ആളുകളാണ് ഫോർവേഡ് ചെയ്തിരിക്കുന്നത്

    Leave a Reply

    Your email address will not be published. Required fields are marked *