കലാരവം കിഡ്സ് ഫെസ്റ്റ് ’26 ലോഗോ പ്രകാശനം ചെയ്തു
> കായിക-കലാമേളകൾ സെപ്റ്റംബർ 26, ഒക്ടോബർ 1 തീയതികളിൽ
തരുവണ: വി കെയർ അൽ ബിർറ് സ്കൂൾ സംഘടിപ്പിക്കുന്ന വൈബ്സ് കലാരവം ‘കിഡ്സ് ഫെസ്റ്റ് ’26’ ലോഗോ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ സയ്യിദ് ശിഹാബദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ, ചെയർമാൻ കെ. സി. ആലി ഹാജിക്ക് നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്.
കുട്ടികളുടെ മാനസികവും കായികവും സർഗ്ഗാത്മകവുമായ കഴിവുകളെ തൊട്ടുണർത്താനും അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ‘തുമ്പികൾ തുള്ളിച്ചാടുന്നു’ എന്ന പ്രമേയത്തിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഈ ആശയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ മനോഹരവും വർണ്ണാഭവുമായ രീതിയിലാണ് മേളയുടെ ലോഗോ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 26 ശനിയാഴ്ച നടക്കുന്ന ‘അത്ലറ്റിക് ഫെസ്റ്റ്’ ദേശീയ അസിസ്റ്റന്റ് റഫറി സൽമാനുൽ ഫാരിസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ പ്രവർത്തകനും കായിക പ്രചാരകനുമായ ഇബ്രാഹിം മാസ്റ്റർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
തുടർന്ന് ഒക്ടോബർ 1 വ്യാഴാഴ്ച നടക്കുന്ന ‘ആർട്ട് വേവ്’ (കലാമേള) വെള്ളമുണ്ട സർക്കിൾ ഇൻസ്പെക്ടർ എൻ. അജീഷ് കുമാർ ഉദ്ഘാടനം ചെയ്യും. അൽ ബിർറ് സ്കൂൾ ജില്ലാ കോ-ഓർഡിനേറ്റർ പി. സി. ഉമർ മൗലവി ചടങ്ങിൽ മുഖ്യാതിഥിയാകും. പരിപാടികളിൽ കെ. സി. ആലി ഹാജി അധ്യക്ഷത വഹിക്കും.
ലോഗോ പ്രകാശ ചടങ്ങിൽ കൺവീനർ ഇബ്രാഹിം മൗലവി, കോ-ഓർഡിനേറ്റർ മുഹമ്മദ് റഹ്മാനി, പഞ്ചായത്ത് മെമ്പർ നാസർ സാവാൻ, മഹല്ല് കമ്മിറ്റി പ്രതിനിധി അബ്ദുള്ള ചാലിയാടൻ, എസ്. വൈ. എസ്. സെക്രട്ടറി സി. എച്ച്. ഹമീദ്, എസ്. കെ. എസ്. എസ്. എഫ്. സെക്രട്ടറി സിയാദ് മന്ദൻകണ്ടി തുടങ്ങിയവർ പങ്കെടുത്തു.
