പൊതുജനാരോഗ്യ സംരക്ഷണത്തിനായി സർക്കാർ വകുപ്പുകളുടെയും സന്നദ്ധ- സാമൂഹിക സംഘടനകളുടെയും സംയോജിത ഇടപെടലുകൾ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ അവലോകനയോഗം ചേർന്നു. ജില്ലയുടെ ആരോഗ്യ മേഖലയിലെ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുസ്ഥിര ആരോഗ്യ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി വിവിധ കർമ്മ പരിപാടികൾക്ക് യോഗം രൂപം നൽകി. ക്ഷയരോഗ നിവാരണം, എച്ച്ഐവി എയ്ഡ്സ് നിയന്ത്രണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. പൊതുജനാരോഗ്യ നിയമവും ക്ലിനിക്കൽ സ്ഥാപന നിയമവും ജില്ലയിൽ കാര്യക്ഷമമായി നടപ്പിലാക്കാനും തീരുമാനമായി. ജില്ലാ കളക്ടർ ചെൽസാ സിനി വി ഐഎഎസ് യോഗത്തിൽ അധ്യക്ഷയായിരുന്നു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷീജ വി ആർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സിന്ധു, ജില്ലാ ടിബി ഓഫീസർ ഡോ. പ്രിയാ സേനൻ, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
