മാനന്തവാടി: മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പിജി ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കംപ്യൂട്ടര്‍ സയന്‍സിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച ഐടി ഫെസ്റ്റില്‍ ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂള്‍ രണ്ടും ഹില്‍ ബ്ലൂംസ് സ്്കൂള്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി. 13 വിദ്യാലയങ്ങളില്‍നിന്നു 130 വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഫെസ്റ്റില്‍ ഐടി ക്വിസ്, ഇമേജ് പ്രോംപ്റ്റിംഗ്, കോഡിംഗ്, സ്‌പോട്ട് ഡാന്‍സ്, ഹാര്‍ഡ്‌വേര്‍ ഐഡന്റിഫിക്കേഷന്‍, ഫേസ് പെയിന്റിംഗ്, ഇഗെയിംസ് എന്നീ ഇനങ്ങളില്‍ മത്സരം നടന്നു.
കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ.തോമസ് മോണോത്ത് ഉദ്ഘാടനം ചെയ്തു. ഐക്യുഎസി. കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ.ബിന്ദു കെ. തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ.അജയ് ആന്റണി, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഗീത ആന്റണി പുല്ലന്‍, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ.ടി.ഇ. ജിഷ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ജെഫിന്‍ ജോഷി നന്ദി പറഞ്ഞു.
സമാപനച്ചടങ്ങില്‍ ഓവറോള്‍ ട്രോഫി കോളജ് മാനേജരും പ്രിന്‍സിപ്പലും ചേര്‍ന്ന് ചാമ്പ്യന്‍ സ്‌കൂളിന് സമ്മാനിച്ചു. അസോ.മാനേജര്‍ ഫാ.സിബിച്ചന്‍ ചെലക്കപ്പള്ളില്‍ രണ്ട്, മുന്ന് സ്ഥാനക്കാര്‍ക്കുള്ള സമ്മാന വിതരണം നടത്തി.
വിദ്യാര്‍ഥികളുടെ സാങ്കേതിക പരിജ്ഞാനം, സര്‍ഗാത്മകത, മത്സര മനോഭാവം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഐടി മേഖലയിലെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഫെസ്റ്റ് വേദിയായതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.
