ഗർഭിണിക്ക് ഇഞ്ചക്ഷൻ മാറി നൽകിയ സംഭവം പനമരം സി.എച്ച്.സിയിലെ ഡോക്ടർക്ക് സസ്പെൻഷൻ

പനമരം: ഗർഭിണിയായ യുവതിക്ക് അയൺ സുക്രോസ് (Iron Sucrose) കുത്തിവെപ്പിന് പകരം പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകിയെന്ന പരാതിയിൽ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് സർജൻ ഡോ. അനൂപ് കെ.എ.യെയാണ് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ സസ്പെൻഡ് ചെയ്തത്.

2026 ഒക്ടോബർ 31-ന് പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒ.പി. വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ ഗർഭിണിക്കാണ് തെറ്റായ കുത്തിവെപ്പ് നൽകിയതെന്നാണ് പരാതി. സംഭവത്തിൽ ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവും ഉണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

 

നവംബർ ഒന്നിന് പുറത്തിറക്കിയ DMOWHYD/4064/2026-A5 നമ്പർ ഉത്തരവിലാണ് സസ്പെൻഷൻ നടപടി വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനും വകുപ്പുതല നടപടികൾക്കുമുള്ള നീക്കവും ഉത്തരവിലുണ്ട്.

 

സ്ത്രീകളുടെയും ഗർഭിണികളുടെയും ചികിത്സയുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ വലിയ ജാഗ്രത ആവശ്യമാണെന്ന ചർച്ചകൾക്കിടെയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *