പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാർഷിക പുരോഗതിക്കുമുള്ള ദീർഘകാല പദ്ധതിയായ കടമാൻതോട് പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് സിഎംപി പുൽപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം മൂലം കർണാടക അതിർത്തി പ്രദേശങ്ങളായ പഞ്ചായത്തുകളിൽ രൂക്ഷമായ വരൾച്ചയാണ് അഭിമുഖീകരിക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരമാണ് കടമാൻതോട് പദ്ധതി. വടാന കവല ചേകാടി റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കണമെന്നും സിഎംപി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
സിഎംപി സംസ്ഥാന സെക്രട്ടറി സി.എ അജീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസ് കെ മാത്യു, സിബി കാട്ടാംകോട്ടിൽ, ഷൈലജ സുഗുണൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. കൺട്രോൾ കമ്മീഷൻ ചെയർമാൻ വി കെ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി കെ ഭൂപേഷ്, ഷൈജു വി കൃഷ്ണൻ, ശ്രീധരൻ അമ്മാനി, കെ.വി ഇബ്രാഹിം, ഷൈലജ കെ, ചന്ദ്രശേഖരൻ കെ കെ, കൃഷ്ണൻകുട്ടി, ജോർജ് തെക്കേമല, ദിവ്യാ സുധീഷ്, അനിൽ പുത്തൻകണ്ടത്തിൽ, വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
ഷൈജു വി കൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷൈജു വി കൃഷ്ണനെ ഏരിയ സെക്രട്ടറിയായും, ഷൈലജ സുഗുണൻ, സിബി കാട്ടാംകോട്ടിൽ, ജോസ് കെ മാത്യു എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തുകൊണ്ട് 25 അംഗ ഏരിയ കമ്മിറ്റിയും സമ്മേളനത്തിൽ നിലവിൽവന്നു.
