ഒരുവുമ്മൽ: തരിയോട്-വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഒരുവുമ്മലിന്റെ സമഗ്രവികസനവും വളർച്ചയും മുന്നിൽക്കണ്ട് പ്രദേശവാസികളെ അണിനിരത്തി ‘ഒരുവുമ്മൽ പൗരസമിതി’ രൂപീകരിച്ചു. കാവുംമന്ദം, ഐക്കരപ്പടി, ഒരുവുമ്മൽ മേഖലകളിലെ ജനങ്ങളെ ഏകോപിപ്പിച്ചാണ് സമിതി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
പൗരസമിതി ചെയർമാനായി ജിജോ പൊടിമറ്റത്തെയും കൺവീനറായി ബെന്നി വട്ടക്കാമൂളയിലിനെയും തിരഞ്ഞെടുത്തു. തരിയോട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ജെസ്സി തോമസ് , വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ മിഥില എൻ കെ, തരിയോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി വട്ടത്തറ, തെക്കുംതറ ബാങ്ക് പ്രസിഡന്റ് രാജൻ മാഷ് എന്നിവരാണ് സമിതിയുടെ രക്ഷാധികാരികൾ. വരുംദിവസങ്ങളിൽ ജനപ്രതിനിധികളെയും പ്രദേശത്തെ പ്രമുഖരെയും ഉൾപ്പെടുത്തി സമിതി വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
രണ്ട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായതിനാൽ കാലങ്ങളായി നേരിടുന്ന വികസന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുകയാണ് പൗരസമിതിയുടെ പ്രധാന ലക്ഷ്യം.
കാവുംമന്ദം ടൗണിൽ നിന്ന് ആരംഭിച്ച് മാടക്കുന്ന് ക്രിസ്ത്യൻ ചർച്ചിന് മുന്നിൽ അവസാനിക്കുന്ന 2 കിലോമീറ്റർ നീളമുള്ള കാവുംമന്ദം – ഐക്കരപ്പടി – ഒരുവുമ്മൽ റോഡും പാലവും അടിയന്തരമായി പൂർത്തിയാക്കുക എന്നതാണ് പൗരസമിതിയുടെ ആദ്യ ആവശ്യം. നിലവിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നിർമ്മിച്ച കാൽനടയാത്ര മാത്രം സാധ്യമാകുന്ന ചെറിയൊരു ചെക്ക് ഡാമും ഇടവഴിയും മാത്രമാണ് ഇവിടുത്തെ യാത്രാമാർഗ്ഗം.
ഒരുവുമ്മൽ നിവാസികൾക്ക് കാവുംമന്ദം ടൗണിലെ സൗകര്യങ്ങളും, ഐക്കരപ്പടി നിവാസികൾക്ക് ഒരുവുമ്മൽ ഭാഗത്തുള്ള ക്രിസ്ത്യൻ ചർച്ച്, ക്ഷേത്രം, യു.പി. സ്കൂൾ, സബ് സെന്റർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, മൃഗാശുപത്രി, ആയുർവേദ ആശുപത്രി, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഈ പാലവും റോഡും അത്യാവശ്യമാണ്. റോഡും പാലവും യാഥാർത്ഥ്യമാകുന്നതോടെ ഐക്കരപ്പടി, ഒരുവുമ്മൽ പ്രദേശവാസികളുടെ ഒരു നൂറ്റാണ്ടിലേറെയായുള്ള വലിയൊരു സ്വപ്നമാണ് പൂവണിയുന്നത്.
