മാനന്തവാടി: ആയോധനകലയുടെ കരുത്തും അച്ചടക്കവും ജീവിതശൈലിയാക്കി ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ കടത്തനാട് ചേകോർ കളരി സംഘം. ‘ലഹരിക്കെതിരെ കളരി ലഹരി’ എന്ന സന്ദേശമുയർത്തി മാനന്തവാടിയിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി.
കടത്തനാട് ചേകോർ കളരിസംഘം ഗുരുക്കൾ ജെയ്ൻ മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ‘കളരിയാണ് ലഹരി’ എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തി.
ലഹരിയുടെ വഴികളിലേക്ക് മനസ്സ് വ്യതിചലിക്കാതിരിക്കാൻ കളരി പോലുള്ള പാരമ്പര്യ കായിക-ആയോധന കലകൾക്ക് വലിയ കരുത്താകാൻ കഴിയുമെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. നിത്യേനയുള്ള കളരി അഭ്യാസം ശരീരത്തിന് ആരോഗ്യവും മനസ്സിന് ഏകാഗ്രതയും പകർന്നുനൽകി വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ ശാക്തീകരിക്കുമെന്നും പ്രഭാഷകർ വ്യക്തമാക്കി.
ചടങ്ങിൽ ജോഷ്‌ന ബേബി സ്വാഗതം പറഞ്ഞു. ടി.വി. ഷിനോജ്, ഷിനോയ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അനാമിക മാത്യു നന്ദി രേഖപ്പെടുത്തി. കളരി പ്രവർത്തകരും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
