കൽപ്പറ്റ: ഏഴാമത് അന്താരാഷ്ട്ര കാപ്പി ദിനാഘോഷം സംസ്ഥാനതല പരിപാടി ഒക്ടോബർ ഒന്നിന് കൽപ്പറ്റയിൽ നടക്കും. ചരിത്രത്തിൽ ആദ്യമായി കൃഷി വകുപ്പിന്റെയും കോഫി ബോർഡിന്റെയും സംയുക്ത നേതൃത്വത്തിലാണ് ദിനാഘോഷ പരിപാടികൾ നടക്കുന്നത്.
കോഫി ബോർഡ് ,സംസ്ഥാന കൃഷി വകുപ്പ് ,വ്യവസായ വകുപ്പ് , വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, കേരള എഫ് പി ഒ – എഫ്.പി.സി കൺസോർഷ്യം , സൗത്ത്
ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഇത്തവണത്തെ ദിനാഘോഷ പരിപാടികൾ നടക്കുന്നത്.
ഒക്ടോബർ ഒന്നിന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് മുന്നോടിയായി മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ 29ന് രാവിലെ 9 മണി മുതൽ ഉച്ചവരെയും . സുൽത്താൻബത്തേരി റീജൻസി ഓഡിറ്റോറിയത്തിൽ 30 ന് രാവിലെ 9 മണി മുതൽ ഉച്ചവരെയും പ്രാദേശിക സെമിനാറുകൾ നടക്കും.
മാനന്തവാടിയിൽ ഉഷ വിജയൻ എം.എൽ.എയും ബത്തേരിയിൽ ഐ സി . ബാലകൃഷ്ണൻ എം എൽ എയും പരിപാടികൾ ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കാപ്പി കർഷകരുടെ രജിസ്ട്രേഷനോടുകൂടി പരിപാടികൾ ആരംഭിക്കും. 9. 30ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് കാപ്പി റാലി ആരംഭിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന റാലിയിൽ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളും കർഷക പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കും. പത്തുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരായ എ പി അനിൽകുമാർ, പി കെ കുഞ്ഞാലിക്കുട്ടി, അഡ്വക്കേറ്റ് ടി.സിദ്ദീഖ് എന്നിവർ പങ്കെടുക്കും. എം പിമാർ എം എൽ എമാർ മറ്റു ജനപ്രതിനിധികൾ എന്നിവരും കാർഷിക മേഖലയിലെ വിദഗ്ധരും കർഷക പ്രതിനിധികളും സംബന്ധിക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാറുകൾ. പ്രദർശന വിപണന മേള , കോഫി പാർട്ടി, മികവുതെളിയിച്ച കർഷക പ്രതിനിധികളെയും സംരംഭകരെയും ആദരിക്കൽ തുടങ്ങിയവയെല്ലാമാണ് കാപ്പി ദിനാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
അടുത്ത 10 വർഷത്തേക്ക് വയനാട് ജില്ലയിൽ കാപ്പി കൃഷിയുടെ വ്യാപനവും ഉൽപാദന വർദ്ധനവും ലക്ഷ്യമിട്ട് 2500 കോടി രൂപയുടെ പദ്ധതി നിർദ്ദേശമാണ് കോഫി ബോർഡ് വിവിധ ഏജൻസികൾക്ക് മുമ്പിൽ സമർപ്പിച്ചിട്ടുള്ളത്.
കൃഷിവകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി. സിദ്ദീഖിന്റെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ നടത്തി വിപുലമായ പദ്ധതികൾ ആവശ്യകരിച്ചു വരുന്നുണ്ടെന്ന് കോഫി ബോർഡ് ജോയിൻറ് ഡയറക്ടർ ഡോക്ടർ എം കറുത്തമണി, വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ജെ , കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി കെ ലാൽസുന എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
