എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി

വടകര(കോഴിക്കോട്) ∙ മൂന്ന് അധ്യാപികമാർ ഉൾപ്പെടെ പിടിയിലായ വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. പങ്കാളി ജിനീഷ് ആണ് പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് കീർത്തനയെ കുത്തിയത്. ജാമ്യവ്യവസ്ഥ പ്രകാരം ശനിയാഴ്ച രാവിലെ പത്തുമണിയോടെ വടകര പൊലീസ് സ്റ്റേഷനിൽ കീർത്തന ഹാജരാകാൻ എത്തിയതിനിടെയാണ് ജിനീഷ് ഇവരെ കുത്തി പരുക്കേൽപ്പിച്ചത്.

 

 

പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് കരാർ അധ്യാപികയായ കീർത്തനയെ പിടികൂടിയതിനു ശേഷമാണ് ഇവരുടെ സുഹൃത്തുക്കളും അധ്യാപികമാരുമായ കാവ്യയും നീഷ്മയും കേസിൽ പിടിയിലായത്. മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നിരീക്ഷിച്ചാണ് കീർത്തനയെ കർശന ജാമ്യവ്യവസ്ഥകളോടെ കോടതി ഈ മാസം ആദ്യം ജാമ്യത്തിൽ വിട്ടത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ പാലിക്കാൻ എത്തിയപ്പോഴാണ് കീർത്തനയ്ക്കു കുത്തേറ്റത്.

 

കേസിലെ മുഖ്യപ്രതിയെന്നു കരുതുന്നയാളെ ഇനിയും അന്വേഷണ സംഘത്തിനു പിടികൂടാനായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ സഫ്‌വാനും മൂന്നാം പ്രതി കാവ്യയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 28ന് പുലർച്ചെ രണ്ടു മണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ വെച്ച് സഫ്‌വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്കും വെളിപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *