മുട്ടിൽ: കേരള സംസ്ഥാന എക്സൈസ് വകുപ്പ്,വയനാട് ജില്ലാ വിമുക്തി മിഷൻ, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ‘തണ്ടർ ക്ലബ്ബിന്റെ’ നേതൃത്വത്തിൽ ജില്ലാതല ലഹരിവിരുദ്ധ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
ആവേശകരമായ മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ വിദ്യാർത്ഥി കെ.മുഹമ്മദ് അഫ്സൽ ഒന്നാം സ്ഥാനവും 5000/- രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി. കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിലെ അസിൻ പി.ജോയ് രണ്ടാം സ്ഥാനവും (3000/- രൂപ), മാനന്തവാടി ഗവൺമെന്റ് കോളേജിലെ എസ്. അഭിജിത മൂന്നാം സ്ഥാനവും (2000/- രൂപ) നേടി.മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും എക്സൈസ് വകുപ്പിന്റെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പ്രശസ്ത ചലച്ചിത്രതാരവും ബോഡിബിൽഡറും, ലഹരിമുക്ത ക്യാമ്പസ് അംബാസിഡറുമായ അബു സലിം ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഡ്രഗ് ഫ്രീ ക്യാമ്പസ് പ്രഖ്യാപനം നടത്തി.
വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ.സതീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും സർട്ടിഫക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജ് പ്രിൻസിപ്പലും നോഡൽ ഓഫീസറുമായ ഡോ.സുബിൻ ജോസഫ് സ്വാഗതമാശംസിച്ച ചടങ്ങിൽ,അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ സജിത് ചന്ദ്രൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധ ഫോറം കോർഡിനേറ്റർ കെ.എ. അബ്ബാസ്,ഫാ.എൻ.ബി. ജിൻസ്, എൻ.ശിഖ, എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം,മുഹമ്മദ് ഫസലുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.സി.പി. ഹേമലത കൃതജ്ഞത രേഖപ്പെടുത്തി.ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
