മാനന്തവാടി: എടവക പഞ്ചായത്തിലെ ഈസ്റ്റ് പാലമുക്ക് പ്രദേശത്ത് സർവീസ് നടത്തുന്ന ടാറ്റ ഐറിസ് (ഫോർ വീലർ ഓട്ടോ) യാത്രാവാഹനങ്ങൾക്ക് ഔദ്യോഗിക ഹാൾട്ടിംഗ് പ്ലേസ്/വാഹന സ്റ്റാൻഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആൻഡ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) ന്റെ നേതൃത്വത്തിൽ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഗിരിജ സുധാകാരന് നിവേദനം നൽകി.
കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഈസ്റ്റ് പാലമുക്ക് പ്രദേശത്തും സമീപ പ്രദേശങ്ങളിലുമായി സർവീസ് നടത്തുന്ന ടാറ്റ ഐറിസ് വാഹനങ്ങളിലെ തൊഴിലാളികളാണ് നിവേദനം നൽകിയത് .
വിദ്യാർത്ഥികൾ, സ്ത്രീകൾ, വയോജനങ്ങൾ, തൊഴിലാളികൾ, വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി നൂറുകണക്കിന് ആളുകൾ ഈ വാഹനസേവനത്തെ ആശ്രയിച്ചാണ് യാത്ര നടത്തുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കേരള പഞ്ചായത്ത് രാജ് ആക്ട് 1994-ലെ വകുപ്പ് 227 പ്രകാരം ഗ്രാമപഞ്ചായത്തിന് പൊതുജന ആവശ്യത്തിനായി ഹാൾട്ടിംഗ് പ്ലേസുകളും വാഹന സ്റ്റാൻഡുകളും സ്ഥാപിക്കാനും നിയന്ത്രിക്കാനും അധികാരമുണ്ടെന്നും, പൊതുഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുക പഞ്ചായത്തിന്റെ നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമാണെന്നും നിവേദനത്തിൽ വ്യക്തമാക്കി.
ഈസ്റ്റ് പാലമുക്ക് പ്രദേശത്ത് സ്ഥലപരിശോധന നടത്തി പൊതുജന ആവശ്യകത വിലയിരുത്തി അനുയോജ്യമായ ഹാൾട്ടിംഗ് പ്ലേസ് അനുവദിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും, ആവശ്യമായ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികളും പഞ്ചായത്ത് ആരംഭിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ, മെമ്പർമാരായ ലത്തീഫ് എൻ കെ, വിനോദ് തോട്ടത്തിൽ അഡ്വ. റഷീദ് പടയൻ,ജിൽസൻ തൂപ്പുംകര, ഷൗക്കത്ത് ആയാട്ട്, ജമാൽ അണി യാപ്രവൻ,നൗഫൽ സി എച്ച്, ഷാനവാസ് വി, ലത്തീഫ് പൊയിലൻ എസ്.ടി.യു നേതാക്കൾ, വാഹന ഉടമകൾ, തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
