തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കണം; കേരള കോണ്‍ഗ്രസ് ബി ധര്‍ണ്ണ നടത്തി.

കൽപ്പറ്റ: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാർ ആരംഭിച്ച ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി അടിയന്തരമായി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി ജില്ലാ കമ്മിറ്റി കലക്ടറേറ്റിനുമുമ്പിൽ ധർണ നടത്തി. മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പേരിൽ അവസാനിപ്പിച്ച നിർമാണം നാലുമാസം പിന്നിട്ടിട്ടും പുനരാരംഭിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധമിരമ്പി.

തുരങ്കപാതയുടെ പ്രവൃത്തി 2025ൽ ആരംഭിച്ച് 2029ൽ പൂർത്തിയാക്കണമെന്നാണ് കൊങ്കൺ റെയിൽവേ കോർപറേഷനുമായുള്ള കരാർ. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിർമാണം മുന്നോട്ടുപോകണമെന്ന് പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞുണ്ടായ ദുരന്തത്തിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കാൻ അനുവദിക്കില്ല, ജില്ലയിൽനിന്നുള്ള മന്ത്രി ടി സിദ്ദീഖ്, പ്രിയങ്ക ഗാന്ധി എംപി എന്നിവരടക്കമുള്ള യുഡിഎഫ് ജനപ്രതിനിധികൾ നിർമാണം അനിശ്ചിതത്വത്തിലായി മാസങ്ങൾ പിന്നിട്ടിട്ടും തുടരുന്ന മൗനം അവസാനിപ്പിക്കണം, സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി.

ജില്ലാ പ്രസിഡന്റ് കെ ആർ ജയരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ ഭഗീരഥൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ പി ശശികുമാർ, ജില്ലാ ജനറൽ സെക്രട്ടറി അനിൽ വള്ളുവക്കണ്ടി, ജില്ലാ സെക്രട്ടറി കെ ജി അരുൺ, മഹിളാ കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് ഷൈജ മഗേഷ്, യൂത്ത് കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് സി ആർ പ്രദീപ്, എസ് വേലായുധൻ, രഞ്ജിത്ത് വിജയൻ, ടി കെ വിശ്വംഭരൻ, വിജയൻ പാലക്കുഴി, ഡോ ബെഞ്ചമിൻ ഈശോ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *