മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിൽ ഒന്നാം വർഷ ഡിഗ്രി പ്രവേശനം നിഷേധിച്ചതായി ആരോപിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കാട്ടിക്കുളം സ്വദേശിയായ രാഹുൽ രാജ് (20) ആണ് ആത്മഹത്യാശ്രമത്തെ തുടർന്ന് മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ബി.എ ഫങ്ഷണൽ ഇംഗ്ലീഷ് കോഴ്സിലേക്കായിരുന്നു രാഹുൽ അപേക്ഷിച്ചിരുന്നത്.
മാനേജ്മെൻ്റ് ക്വാട്ടയിൽ പ്രവേശനത്തിന് അർഹതയുണ്ടായിട്ടും കോളേജ് അധികൃതർ അവസാന നിമിഷം തനിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നുവെന്ന് രാഹുൽ ആരോപിച്ചു. താൻ എസ്.എഫ്.ഐ
പ്രവർത്തകനാണെന്നും ക്രിമിനലാണെന്നും മുദ്രകുത്തി കോളേജ് അധികൃതർ അധിക്ഷേപിച്ചതായും വിദ്യാർത്ഥി പറയുന്നു.
എന്നാൽ വിദ്യാർത്ഥിയുടെ ആരോപണങ്ങൾ തള്ളിക്കൊണ്ട് കോളേജ് അധികൃതർ രംഗത്തെത്തി. അടിസ്ഥാന മാർക്ക് കുറവായിരുന്നിട്ടും തികച്ചും കരുണാർദ്രമായ സമീപനത്തോടെയാണ് രാഹുലിന് അഡ്മിഷൻ നൽകാമെന്ന് അറിയിച്ചിരുന്നതെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി. പ്ലസ് ടു പരീക്ഷ ഒരു തവണ കൊണ്ടുതന്നെ പാസായി എന്നാണ് വിദ്യാർത്ഥി അപേക്ഷയിലും യൂണിവേഴ്സിറ്റി ഫോമിലും രേഖപ്പെടുത്തിയിരുന്നത്. എന്നാൽ രണ്ടുതവണ പരീക്ഷയെഴുതിയാണ് പാസായതെന്ന യാഥാർഥ്യം ഇൻ്റർവ്യൂ സമയത്തും രാഹുൽ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഡോക്യുമെൻ്റ് വെരിഫിക്കേഷൻ സമയത്താണ് അഡ്മിഷൻ കമ്മിറ്റി ഇക്കാര്യം കണ്ടെത്തിയത്.
അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകി എന്ന ഒറ്റ കാരണത്താലാണ് അഡ്മിഷൻ നിഷേധിക്കേണ്ടി വന്നതെന്നും, ഇതിന് പിന്നാലെ രാഹുൽ രാജ് ആത്മഹത്യാശ്രമത്തിന് മുതിർന്നത് തികച്ചും നിർഭാഗ്യകരമാണെന്നും കോളേജ് മാനേജ്മെൻ്റ് കൂട്ടിച്ചേർത്തു.
