ബത്തേരി മൂന്നാനക്കുഴിയിൽ തെരുവ് നായ അക്രമണം; 15 ലേറെ പേർക്ക് കടിയേറ്റു
മീനങ്ങാടി, പൂതാടി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മൂന്നാനക്കുഴിയിൽ തെരുവുനായയുടെ ആക്രമണത്തിൽ 15ലേറെ പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
മൂന്നാനക്കുഴി കവലയിൽ പ്രകോപിതനായി കണ്ട നായ മുമ്പിൽ കണ്ടവരെയൊക്കെ കടിക്കുകയായിരുന്നു. പിന്നീട് റോഡിലേക്ക് ഓടി നായ വാഹനമിടിച്ച് ചത്തു. നായയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി പൂക്കോട് വെറ്റിനറി സർവകലാശാലയിലേക്ക് മാറ്റിയിട്ടുണ്ട്.
മൂന്നാനക്കുഴിയിൽ ബീനാച്ചി – പനമരം റോഡിലും, പാപ്ലശ്ശേരി റോഡിലുമായാണ് നായ ഓടിയത്. പാപ്ലശ്ശേരി റോഡിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പുത്തൂർ സാലമ്മയെ ഓടിച്ചിട്ട് കടിക്കാൻ ശ്രമിച്ചു. വീടിനകത്തേക്ക് കയറി ഇവർ രക്ഷപ്പെടുകയായിരുന്നു. കുട്ടികൾ അടക്കം പതിനഞ്ചിലേറെ ആളുകൾക്ക് പരിക്കേറ്റതായിട്ടാണ് നാട്ടുകാർ പറയുന്നത്. ചില പശുക്കൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെയും കടിച്ചതായി സംശയിക്കുന്നുണ്ട്.
