മാനന്തവാടി മെഡിക്കൽ കോളേജ്: ആശങ്കകൾ ദുരീകരിച്ച് സ്ഥലമെടുപ്പ് നടപടികൾ ഊർജിതമാക്കണം

    മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ ദുരീകരിച്ച് സ്ഥലമെടുപ്പ് നടപടികൾ ഊർജിതമാക്കണമെന്നും എസ്.ടി.യു. മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് നടന്ന കൺവെൻഷൻ ആവശ്യപ്പെട്ടു.

     

    മാനന്തവാടിയിൽ ആരംഭിച്ച് പ്രവർത്തിച്ചുവരുന്ന മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ട് അക്കാദമിക് വർഷങ്ങളിലായി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിക്കഴിഞ്ഞ സാഹചര്യത്തിൽ, സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന തരത്തിലുള്ള പ്രചാരണം അംഗീകരിക്കാനാവില്ലെന്ന് യോഗം വ്യക്തമാക്കി.

     

    മെഡിക്കൽ കോളേജ് മാറ്റുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ അനാവശ്യമായ ആശങ്കയും സംശയവും സൃഷ്ടിക്കുന്നതാണ്. മാനന്തവാടിയുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക വികസനത്തിന് നിർണായകമായ സ്ഥാപനമായി മെഡിക്കൽ കോളേജിനെ ഇവിടെ തന്നെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കുന്നതിനും അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

     

    മാനന്തവാടിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനെ എതിർക്കുന്ന ചിലരാണ് മെഡിക്കൽ കോളേജ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് പിന്നിലെന്നും യോഗം ആരോപിച്ചു. ഇത്തരം നീക്കങ്ങളിലൂടെ മെഡിക്കൽ കോളേജിന്റെ വികസനം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടായാൽ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

     

    എസ്.ടി.യു. മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് നടന്ന കൺവെൻഷൻ സി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. കുഞ്ഞബ്ദുള്ള, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു, കൊച്ചി ഹമീദ്, പി.വി.എസ്. മൂസ, മുനവ്വർ, അഹമ്മദ്, ഷുക്കൂർ എന്നിവർ സംസാരിച്ചു.

     

    ഷൗക്കത്ത് ആയാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. റഷീദ് പടയൻ സ്വാഗതവും ജമാൽ അനിയാപ്രവൻ നന്ദിയും പറഞ്ഞു.

    Leave a Reply

    Your email address will not be published. Required fields are marked *