വനംവകുപ്പിന് ജനകീയ മുഖം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

    മീനങ്ങാടി: ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമൊപ്പമുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ വനം-വന്യജീവി വകുപ്പിന് ജനകീയ മുഖം നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി വനംവകുപ്പ് സൗത്ത് വയനാട് ഡിവിഷൻ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ‘സഹജീവനം’ ജനസേവന അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

     

    വന്യജീവി ആക്രമണ നഷ്ടപരിഹാര അപേക്ഷകൾ അടിയന്തിരമായി തീർപ്പാക്കുക, വനാതിർത്തി

    ഭൂമിയുടെ എൻ.ഒ.സി വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, കുറ്റകൃത്യ കേസുകൾ സമയബന്ധിതമായി തീർപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അദാലത്ത് സംഘടിപ്പിച്ചത്. അദാലത്തിൽ 15 എൻ.ഒ.സി അപേക്ഷകൾ തീർപ്പാക്കുകയും മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ മരണം, പരിക്ക്, കൃഷിനാശം എന്നിവ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരമായി 85 അപേക്ഷകളിലായി 14.18 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്യുകയും ചെയ്തു. ആകെ 78 പുതിയ പരാതികളാണ് അദാലത്തിൽ ലഭിച്ചത്.

     

    മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി പ്രശംസനീയമായി പ്രവർത്തിക്കുന്ന ജില്ലയിലെ

    വിവിധ ആർ.ആർ.ടി, പി.ആർ.ടി സേനാംഗങ്ങളെയും അപേക്ഷകളിൽ അതിവേഗം നടപടികൾ പൂർത്തിയാക്കിയ ഡിവിഷൻതല ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. തുടര്‍ന്ന് വനനിയമങ്ങളും എൻ.ഒ.സികളും സംബന്ധിച്ച് മുൻ ഗവ. പ്ലീഡർ അഡ്വ. പി.എം. ജോയി ക്ലാസെടുത്തു.

     

    സൗത്ത് വയനാട് ഡി.എഫ്.ഒ യു. ആഷിഖ് അലി, വയനാട് വന്യജീവി സങ്കേതം എ.സി.എഫ് അജിത് കെ. രാമൻ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എം.കെ. രാജീവ് കുമാർ, പി. സലീം, കെ.വി. ബിജു, സീനിയർ സൂപ്രണ്ട് പി.വി. വിപിത തുടങ്ങിയ പ്രമുഖരും വനപാലകരും ജനപ്രതിനിധികളും അദാലത്തിൽ പങ്കെടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *