1300ലധികം വാഴകൾ വെട്ടിനശിപ്പിച്ച സംഭവം; കർഷകർക്ക് നീതി ഉറപ്പാക്കാൻ കർശന ഇടപെടലുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് പൊലീസിന് മന്ത്രിയുടെ നിർദ്ദേശം
കൽപ്പറ്റ: മുട്ടിൽ ചിലഞ്ഞിച്ചാലിൽ കർഷകരുടെ വാഴത്തോട്ടം ആസൂത്രിതമായി നശിപ്പിച്ച സംഭവത്തിൽ കർശന നടപടികളുമായി കൃഷിമന്ത്രി അഡ്വ.ടി. സിദ്ദിഖ്. സാമൂഹ്യവിരുദ്ധർ മൂർച്ചയുള്ള ആയുധം ആഴത്തിലിറക്കി 1300ലധികം വാഴകൾ നശിപ്പിച്ച ചിലഞ്ഞിച്ചാൽ പാറെപറമ്പിൽ ജയിംസിന്റെയും കൊരലാടി ദേവകുമാറിന്റെയും കൃഷിയിടം മന്ത്രി സന്ദർശിച്ചു. കർഷകരിൽനിന്ന് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.തുടർന്ന് വയനാട് ജില്ലാ പൊലീസ് മേധാവിയെയും ഡിവൈഎസ്പിയെയും ഫോണിൽ വിളിച്ച് കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർശന നിർദ്ദേശം നൽകി. സാധാരണ കേസായി കാണാതെ സ്പെഷ്യൽ കേസായി പരിഗണിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കർഷകരുടെ ഉപജീവനമാർഗത്തെയും വലിയ സാമ്പത്തിക നിക്ഷേപത്തെയും തകർക്കുന്ന ഇത്തരം അതിക്രമങ്ങൾ ഒരിക്കലും പൊറുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി വ്യക്തമാക്കി. ചോരയും നീരും കളഞ്ഞ് കർഷകർ നടത്തിയ അധ്വാനത്തിന്റെ കടയ്ക്കലാണ് സാമൂഹ്യവിരുദ്ധർ കത്തിവെച്ചിരിക്കുന്നത്. ഒരു കാരണവശാലും സംഭവത്തിലെ പ്രതികൾ രക്ഷപ്പെടാൻ പാടില്ല. ഒരു കർഷകന്റെ വേദന മനസ്സിലാക്കാത്തവർ ചെയ്ത ശുദ്ധ തെമ്മാടിത്തമാണിത്. നേരത്തെ തന്റെ നിർദ്ദേശപ്രകാരം സംഭവസ്ഥലം സന്ദർശിച്ച പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ റിപ്പോർട്ട് ലഭിച്ച ഉടൻ ഇക്കാര്യത്തിൽ കൃഷി വകുപ്പും തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു.
കൃഷിയിടം ഒരുക്കുന്നതിനും പരിപാലിക്കുന്നതിനുമായി വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത കർഷകർക്ക് വാഴകൾ കുലയ്ക്കുന്നതിന് മുമ്പുതന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കർഷകരുടെ വേദനയും പ്രയാസവും നേരിട്ട് മനസ്സിലാക്കിയ മന്ത്രി കർഷകർക്ക് നീതി ലഭ്യമാക്കുമെന്നും വ്യക്തമാക്കി.
ജെയിംസിന്റെയും ദേവകുമാറിന്റെയും ഉടമസ്ഥതയിലുള്ള തോട്ടത്തിലെ ഏകദേശം 3000 വാഴകളിൽ 1300ലധികം എണ്ണമാണ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിനശിപ്പിച്ചത്. വാഴത്തൈകളുടെ ഉൾഭാഗത്തേക്ക് ആയുധം ആഴത്തിൽ കുത്തിയിറക്കിയ നിലയിലായിരുന്നു. പാട്ടത്തിനെടുത്ത ഭൂമിയിൽ വായ്പയെടുത്തും മറ്റ് സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തിയും പണം ചെലവഴിച്ചാണ് ഇരുവരും വാഴകൃഷി തുടങ്ങിയിരുന്നത്. അതാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.
