കൽപ്പറ്റ:ആരോഗ്യ വകുപ്പ്‌ദേശീയ ബധിരത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ലോക കേൾവി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ കേൾവി പരിശോധന ഉറപ്പാക്കും. കേൾവി കുറവുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ നൽകുകയാണ് ലക്ഷ്യം. സ്‌കൂൾതലത്തിൽ കൂടുതൽ കുട്ടികളെ സ്‌ക്രീനിങിന് വിധേയമാക്കാൻ നോഡൽ ടീച്ചർമാരെ രൂപീകരിച്ച് പരിശീലനം നൽകും. ഡെപ്യൂട്ടി കളക്ടർ എം. ബിജുകുമാറിന്റെ അധ്യക്ഷതയിൽകളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അധിക ശബ്ദത്തോടെ പ്രവർത്തിക്കുന്ന ഫാക്ടറികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇയർപ്ലഗ് നിർബന്ധമാക്കാൻ ബന്ധപ്പെട്ട മേഖലയിലെ ഉടമകൾക്ക് നിർദേശം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. നവജാത ശിശുക്കൾ, മഞ്ഞപ്പിത്തം-വിവിധ രോധബാധകൾ ബാധിച്ച നവജാത ശിശുക്കളിൽ കൃത്യമായ പരിശോധന നടത്തും. പദ്ധതി നടപ്പാക്കുന്നതിന് വിദ്യാഭ്യാസം- ഐ.സി.ഡി.എസ്- തൊഴിൽ- ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ കൂട്ടായ പ്രവർത്തനങ്ങൾ ആരംഭിക്കും. അധ്യാപകർ, അങ്കണവാട-ആരോഗ്യ പ്രവർത്തകർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ നിർദേശിച്ചു. പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ഗവ ആശുപത്രി ജില്ലാ നോഡൽ സെന്ററായും മാനന്തവാടി ഗവ ആശുപത്രി, വൈത്തിരി-സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രികൾ എക്സ്റ്റൻഷൻ സെന്ററായും പ്രവർത്തിക്കും. യോഗത്തിൽ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, എൻ.സി.ഡി ജില്ലാ നോഡൽ ഓഫീസർ ഡോ. കെ.ആർ ദീപ, ജില്ലാ ബധിരത നിയന്ത്രണ പദ്ധതി നോഡൽ ഓഫീസർ ഡോ. എ.വി സന്ദീപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ-അങ്കണവാടി പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
March 6, 2025
