മാനന്തവാടി: മാനന്തവാടി കെഎസ്‌ആർടിസി ഡിപ്പോയിൽ നിന്നും നിർത്തലാക്കിയ സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്.
മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാഭകരമായ നിരവധി ദീർഘദൂര സർവീസുകളടക്കം യാതൊരു കാരണവുമില്ലാതെ നിർത്തലാക്കിയ കെഎസ്‌ആർടിസിയുടെ നടപടി തീർത്തും അപലപനീയമാണ്.
മാനന്തവാടിയില്‍ നിന്ന് രാവിലെ 6.20ന് പുറപ്പെട്ടിരുന്ന കാസർഗോഡ് ബസ്, വൈകുന്നേരം ഏഴിന് കണ്ണൂരില്‍ നിന്നുള്ള കണ്ണൂർ മാനന്തവാടി സർവീസ്, വൈകുന്നേരം 7.45 ന് മാനന്തവാടിയില്‍ നിന്ന് കൊട്ടിയൂർ വഴി കോട്ടയത്തേക്കുള്ള ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചർ സർവീസ്,
രാത്രി 9.30 ന് ഉണ്ടായിരുന്ന വാളാട് സ്റ്റേ സർവീസ്, പേര്യയിലേക്കുണ്ടായിരുന്ന സ്റ്റേ സർവീസ്, പുതുശ്ശേരി വളവിലേക്കുള്ള സ്റ്റേ സർവീസ് എന്നിങ്ങനെ ആയിരക്കണക്കിന് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന സർവീസുകൾ നിലവിൽ നിർത്തി വെച്ചിരിക്കുകയാണ്.
ബസുകള്‍ കൂട്ടത്തോടെ നിർത്തലാക്കിയതിന്‍റെ ദുരിതം അനുഭവിക്കുന്നവരിലേറെയും വിദ്യാർഥികളും ദീർഘദൂര യാത്രക്കാരുമാണ്.
മാനന്തവാടി – ചീക്കാട്,മാനന്തവാടി – പയ്യന്നൂർ,തിരുനെല്ലി – ശ്രീകണ്ഠപുരം, മാനന്തവാടി – ഇരിട്ടി – ശാന്തിഗിരി എന്നീ സർവീസുകളും നിർത്തലാക്കിയവയില്‍പെടും.
വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നൂറ് കണക്കിന് യാത്രക്കാർക്ക് ഉപകാരപെട്ടിരുന്ന സർവീസുകൾ നിർത്തലാക്കിയ നടപടി കെഎസ്‌ആർടിസി അധികൃതർ തിരുത്തണമെന്നും അടിയന്തരമായി ഇവകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മഹ്‌റൂഫ് കെ,
മണ്ഡലം വൈസ് പ്രസിഡന്റ് സജീർ എം.ടി, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ആലി. പി, ഖദീജ ടി,വിവിധ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
