ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആൻഡ് ആക്സലറേറ്റിങ് എംഎസ്എംഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി ലോക ബാങ്ക്, കേന്ദ്ര എംഎസ്എംഇ വകുപ്പ്, സംസ്ഥാന വ്യവസായ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ നടന്ന പരിപാടി കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായങ്ങൾക്ക് സർക്കാർ നൽകുന്നത് വലിയ പിന്തുണയാണെന്നും എംഎസ്എംഇ രംഗത്ത് മത്സരാധിഷ്ഠിതമായി സംരംഭങ്ങൾ നിലനിൽക്കാൻ കൂടുതൽ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്ന എംഎസ്എംഇ മേഖലയുടെ വളർച്ചയ്ക്കും മത്സരശേഷി വളർത്തുന്നതിനും എംഎസ്എംഇകൾക്കുള്ള പിന്തുണ കൂടുതൽ വർദ്ധിപ്പിക്കുന്നതിനുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് റൈസിങ് ആൻഡ് അക്‌സെലിറേറ്റിങ് എംഎസ്എംഇ പെർഫോമൻസ് (റാമ്പ്). എംഎസ്എംഇകൾ ആരംഭിക്കുന്നതിന് സഹായകമായ പദ്ധതികളെക്കുറിച്ചും വിവിധ ബാങ്കുകൾ സംരംഭങ്ങൾക്കായി നൽകുന്ന വായ്പാ പദ്ധതികളെക്കുറിച്ചും സംരംഭകർക്ക് ക്ലാസുകൾ നൽകി.
ഉദ്യം, കെ സ്വിഫ്റ്റ് രജിസ്ട്രേഷനുള്ള അവസരവും ഒരുക്കിയിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എ ജിഷ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി എസ് കലാവതി, ലീഡ് ബാങ്ക് മാനേജർ ടി എം മുരളീധരൻ, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ സെക്രട്ടറി മാത്യു തോമസ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ ബി വി മുഹമ്മദ് നയിം, വിവിധ ബാങ്ക് മാനേജർമാർ, ധനകാര്യ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
