കല്‍പ്പറ്റ: മാനന്തവാടി നഗരസഭയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ വലിയ തോതില്‍ അഴിമതി നടന്നതായി കോണ്‍ഗ്രസ് നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് പയ്യമ്പള്ളി മണ്ഡലം മുന്‍ പ്രസിഡന്റും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പയ്യമ്പള്ളി ഡിവിഷന്‍ മുന്‍ അംഗവുമായ സണ്ണി ജോസ് ചാലിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് പൂമുഖത്ത് എത്തിനില്‍ക്കേ സ്വന്തം മുന്നണിക്കെതിരേ രംഗത്തുവന്നത്.
മുനിസിപ്പല്‍ ഓഫീസ് കെട്ടിടനിര്‍മാണം, തെരുവുവിളക്ക് സ്ഥാപിക്കല്‍, ശൗചാലയ നിര്‍മാണം, ലാപ്‌ടോപ്പ്, കട്ടില്‍, തയ്യല്‍ മെഷീന്‍ വിതരണം എന്നിവയില്‍ ക്രമക്കേട് നടന്നു. ഇത് തെളിയിക്കുന്നതിനു രേഖകള്‍ കൈവശമുണ്ട്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സന് അഴിമതിയില്‍ പങ്കില്ല. അധികാരത്തിലുള്ള മറ്റു ചിലരാണ് ആസൂത്രിതമായി അഴിമതി നടത്തി ലക്ഷങ്ങള്‍ തട്ടിയത്. ഇവര്‍ക്കെതിരേ അന്വേഷണവും നടപടിയും ആവശ്യമാണ്.
മാനന്തവാടി നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം കുറ്റമറ്റ രീതിയിലല്ല നടന്നത്. താന്‍ ഉള്‍പ്പെടെ അര്‍ഹതയുള്ള പലര്‍ക്കും മത്സരിക്കാന്‍ അവസരം ലഭിച്ചില്ല. പയ്യമ്പള്ളി ഡിവിഷനില്‍ മറ്റൊരു പ്രദേശത്തുനിന്നുള്ള വ്യക്തിയെയാണ് സ്ഥാനാര്‍ഥിയാക്കിയത്.
ജില്ലയിലാകെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിലവിലെ ഡിസിസി പ്രസിഡന്റിനെ ദുര്‍ബലപ്പെടുത്താന്‍ ഗൂഢശ്രമം നടന്നു. സ്ഥാനാര്‍ഥി നിര്‍ണയം കുളമാക്കാന്‍ അപ്രതീക്ഷിതമായി ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായ ആളും ആ പദവി ആഗ്രഹിച്ചിരുന്ന ചിലരും ആസൂത്രിത നീക്കം നടത്തിയതായും സണ്ണി ജോസ് പറഞ്ഞു.
