തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന വന്യജീവി ആക്രമണങ്ങള്‍ക്കും അതുവഴിയുണ്ടാകുന്ന കൃഷിനാശത്തിനും ശാശ്വതവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി വിദഗ്ധരെയും കര്‍ഷകരെയും നയരൂപീകരണ രംഗത്തെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് സംസ്ഥാനതല കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ ജില്ലാ കൃഷി ഓഫീസര്‍മാരുമായി നടത്തിയ സംസ്ഥാനതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മലയോര മേഖലകളില്‍ വന്യജീവി ആക്രമണം കര്‍ഷകരുടെ ജീവിതത്തെയും കാര്‍ഷിക ഉല്‍പ്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ആശങ്കകള്‍ നേരിട്ട് കേള്‍ക്കുകയും ശാസ്ത്രീയവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നതിനാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൃഷി വികാസ് യോജന) ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ കൃഷി വകുപ്പിന്റെ കീഴിലുള്ള 64 ഫാമുകളിലും ലഭ്യമായ മുഴുവന്‍ ഭൂമിയും കൃഷിയോഗ്യമാക്കി ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും നൂതന കൃഷിരീതികള്‍ പ്രചരിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഫാമുകള്‍ മാതൃകാ കേന്ദ്രങ്ങളായി വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കൃഷി ഫാമുകളെയും ഫാം ടൂറിസം ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കൃഷി, പ്രകൃതി, ജൈവവൈവിധ്യം, കാര്‍ഷിക പൈതൃകം എന്നിവ ജനങ്ങള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കാര്‍ഷിക മേഖലയെ അടുത്തറിയുന്നതിനും ഫാം ടൂറിസം പദ്ധതികള്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവജനങ്ങളെ കാര്‍ഷിക മേഖലയുമായി കൂടുതല്‍ അടുപ്പിക്കുന്നതിനായി സമഗ്രമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന കതിര് കാര്‍ഷിക ക്ലബ്ബുകള്‍ അതിന്റെ ആദ്യപടിയാണെന്നും ഘട്ടംഘട്ടമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ കൂടുതല്‍ വിപുലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
2026 അന്താരാഷ്ട്ര തലത്തില്‍ വനിതാ കര്‍ഷകരുടെ വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ കൃഷി വകുപ്പ് ‘ഹരിത സഖി’ എന്ന ബൃഹത് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വനിതാ കര്‍ഷകരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 300 ഗ്രൂപ്പുകളായി സംഘടിപ്പിച്ച് പ്രോജക്ട് അധിഷ്ഠിത പിന്തുണയും സാങ്കേതിക സഹായവും വിപണന പിന്തുണയും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതി ജനകീയ കാര്‍ഷിക മുന്നേറ്റമായി മാറണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ കൃഷിയോഗ്യമായ ഒരു ഇഞ്ച് ഭൂമിപോലും തരിശായി കിടക്കരുതെന്നും ലഭ്യമായ എല്ലാ സ്ഥലങ്ങളിലും കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികളുടെയും പുഷ്പങ്ങളുടെയും ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഈ ഉദ്യമത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പങ്കാളികളാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും ജനങ്ങളുടെ ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള ജനകീയ പ്രസ്ഥാനമായി ‘വിളവിന്റെ വിസ്മയം’ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ പ്രധാന ജലസേചന കനാലുകളില്‍ ജലപ്രവാഹം തടസ്സപ്പെടുന്ന മേഖലകളെക്കുറിച്ച് സമഗ്ര വിവരശേഖരണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ ജലലഭ്യത നിര്‍ണായക ഘടകമാണെന്നും ജലസേചന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തില്‍ വിവിധ ജില്ലകളിലെ കാര്‍ഷിക സാഹചര്യം, കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍, കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍, ഉല്‍പ്പാദനവിപണന രംഗങ്ങളിലെ പ്രതിസന്ധികള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്തു. ഓരോ ജില്ലയിലെയും പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തിയ മന്ത്രി, പ്രശ്നങ്ങള്‍ക്ക് സമയബന്ധിത പരിഹാരം കണ്ടെത്തുന്നതിനും പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി.
ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം, കതിര് കാര്‍ഷിക ക്ലബ്ബുകള്‍, ഹരിത സഖി തുടങ്ങിയ നൂതന പദ്ധതികളിലൂടെ കേരളത്തിന്റെ കാര്‍ഷിക മുന്നേറ്റത്തിന് പുതിയ ദിശാബോധം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക വികസനത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഈ പദ്ധതികളുടെ ജില്ലാതല ആസൂത്രണവും നടപ്പാക്കലും അതീവ ഗൗരവത്തോടെയും കാര്യക്ഷമതയോടെയും നിര്‍വഹിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം യുവജനങ്ങളെയും വനിതകളെയും വിദ്യാര്‍ത്ഥികളെയും കാര്‍ഷിക മേഖലയുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിലും ഈ പദ്ധതികള്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി, ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ കാര്‍ഷിക ഭാവിയെ കൂടുതല്‍ സുരക്ഷിതവും സമൃദ്ധവുമാക്കണമെന്നും ആഹ്വാനം ചെയ്തു.
കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ.മിന്‍ഹാജ് ആലം, കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി.വി. സുഭാഷ് , കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന് എന്നിവര്‍ 6 യോഗത്തില്‍ പങ്കെടുത്തു.
