ബത്തേരി: ധവളപത്രത്തിന്റെ മറവിലുള്ള സ്വകാര്യവൽക്കരണ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ബത്തേരി ഡിവിഷൻ ഓഫീസിനുമുമ്പിൽ ധർണ്ണ നടത്തി. നിലവിലെ മാനദണ്ഡം അനുസരിച്ച് പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്നും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു. സിഐടിയു ബത്തേരി ഏരിയ പ്രസിഡന്റ് എം എ സുരേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ ജിഷ അധ്യക്ഷയായിരുന്നു.
ജില്ലാ ജോ. സെക്രട്ടറി എ ബി ഉണ്ണി, ജില്ലാ വൈസ് പ്രസിഡന്റ് ഇ ബി ശൈലേഷ്, പി സി വിജയകുമാർ എന്നിവർ സംസാരിച്ചു. യൂണിയന്റെ സ്ഥാപക നേതാവ് തങ്കപ്പൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു. സി എ ജിബിൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജോ. സെക്രട്ടറി ബബിത സ്വാഗതവും ബത്തേരി ബ്രാഞ്ച് സെക്രട്ടറി പി എ നാസർ നന്ദിയും പറഞ്ഞു.
