കൊതുകുകളുടെ ഉറവിടങ്ങൾ തുരത്താൻ വയനാട് : സ്ഥാപനങ്ങളിലെ ഡ്രൈ ഡേ ക്യാമ്പയിന് സിവിൽ സ്റ്റേഷനിൽ തുടക്കമായി

കൽപ്പറ്റ: മഴക്കാലം എത്തിയതോടെ തലപൊക്കുന്ന ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് വയനാട് ജില്ലയിൽ കൂട്ടായ പ്രതിരോധം.ഓഫീസുകളിലെയും കടകളിലെയും മറ്റു സ്‌ഥാപനങ്ങളിലെയും കൊതുക് മുട്ടയിടുന്ന വെള്ളം കെട്ടിക്കിടക്കുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റും കൈകോർത്ത ജില്ലാതല ‘ഡ്രൈ ഡേ’ ക്യാമ്പയിന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ശനിയാഴ്ച തുടക്കമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രികാ കൃഷ്‌ണൻ, ജില്ലാ കളക്ടർ ശ്രീമതി മേഘശ്രീ ഡി. ആർ എന്നിവരുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷനിലെയും പരിസരത്തെയും കൊതുകുകളുടെ ഉറവിട വിമുക്ത പ്രവർത്തനങ്ങൾക്കായി ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും ജീവനക്കാരും ഒത്തുചേർന്നു.

രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ, രോഗമുണ്ടാകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗമെന്നും കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാൻ എല്ലാവരും ആഴ്ചയിലൊരിക്കൽ കുറച്ച് നേരം നിർബ്ബന്ധമായും ചെലവഴിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്‌ണൻ പറഞ്ഞു. വീടുകളുടെയും സ്ഥാപനങ്ങളുടെയും ചുറ്റുവട്ടത്ത് അലക്ഷ്യമായി കിടക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടയറുകൾ , ചിരട്ടകൾ, പാളകൾ, മുട്ടത്തോട്,പാഴ് വസ്തുക്കൾ തുടങ്ങിയവ കണ്ടെത്തി സംസ്കരിക്കുകയോ വെള്ളം വീഴാത്ത രീതിയിൽ മാറ്റിവെക്കുകയോ ചെയ്യുന്നതിലൂടെ കൊതുകിന്റെ വളർച്ചാചക്രം പൂർണ്ണമായും തടയാൻ സാധിക്കും. ഇതിനായി സമഗ്രമായ സാമൂഹ്യ ശീലമാറ്റ ബോധവൽക്കരണം അത്യാവശ്യമാണ്.

 

ഒരുമിക്കാം, ഈ ദിവസങ്ങളിൽ:

 

കൊതുകുകളെ തുരത്താൻ ഓരോ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കാൻ സ്വമേധയാ തയ്യാറാകണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും, ശനിയാഴ്ചകളിൽ ഓഫീസുകൾ, കടകൾ തുടങ്ങിയ തൊഴിലിടങ്ങളിലും, ഒഴിവുദിനമായ ഞായറാഴ്ച സ്വന്തം വീടുകളിലുമാണ് നാം നിർബന്ധമായും ‘ഡ്രൈ ഡേ’ ആചരിക്കേണ്ടത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ, ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അദ്ധ്യക്ഷ സൽമ മോയി,

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. ടി. രേഖ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി. ആർ. ഷീജ, ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആര്യ വിജയകുമാർ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. പി. എസ്. സുഷമ, എൻ. പി. എൻ. സി. ഡി നോഡൽ ഓഫീസർ ഡോ. കെ. ആർ. ദീപ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ സുമ ,ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ. എം. മുസ്‌തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി. എം. ഫസൽ, ബയോളജിസ്റ്റ് കെ. ബിന്ദു, ജില്ലാ വെക്ടർ ബോൺ ഡിസീസ് കണ്ട്രോൾ ഓഫീസർ വി. പി. കൃഷ്‌ണകുമാർ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റൻ്റ് എഡിറ്റർ സൗമ്യ മത്തായി , ശുചിത്വ മിഷൻ അസിസ്റ്റൻ്റ് ജില്ലാ കോഡിനേറ്റർ(ഐ ഇ സി) വി .യു .ജോബി , ടെക്നിക്കൽ കൺസൾട്ടൻ്റ് എസ് ശ്രീനിഷ് എന്നിവർ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വിവിധ വകുപ്പ് മേധാവികളും ജീവനക്കാരും പരിപാടിയിൽ സംബന്ധിച്ചു. നമ്മുടെ സുരക്ഷയ്ക്കും നാടിന്റെ ആരോഗ്യത്തിനും വേണ്ടി വരും ദിവസങ്ങളിലും ഡ്രൈ ഡേ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനാണ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും തീരുമാനം.ഇന്ന് ഞായറാഴ്ച വീടുകളിലെ ഡ്രൈ ഡേ ക്യാമ്പയിന് തുടക്കമാകും

Leave a Reply

Your email address will not be published. Required fields are marked *