പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

കൽപറ്റ:ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായുള്ള തുള്ളി മരുന്ന് വിതരണം ജൂണ്‍ 28ന് നടക്കും. അഞ്ച് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അന്നേദിവസം പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 28ന് രാവിലെ ഒമ്പതിന് പ്രിയങ്ക ഗാന്ധി എം.പി പടിഞ്ഞാറത്തറ ബസ് സ്റ്റാന്റില്‍ നിര്‍വഹിക്കും. ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് അന്നേ ദിവസം പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി 561 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലുമുള്ള 523 ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നകുന്നതിന് ബസ് സ്റ്റാന്റ്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 23 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതിനായി 15 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

 

ഏതെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തിയതികളില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. പ്രത്യേക പരിശീലനം ലഭിച്ച ആശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് വിതരണം നടത്തുക. പോളിയോ രോഗാണുവിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള സാമൂഹിക പങ്കാളിത്ത പരിപാടിയായ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ അഞ്ച് വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുബശ്രീ മിഷന്‍, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ഇന്റര്‍നാഷണല്‍, ലയേണ്‍സ്, ഇതര സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക. 2014-ല്‍ ഇന്ത്യയെ പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ചില അയല്‍രാജ്യങ്ങളില്‍ ഇപ്പോഴും പോളിയോ വൈറസിന്റെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ നമ്മുടെ കുട്ടികള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ വര്‍ഷവും പള്‍സ് പോളിയോ തുടരുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ എല്ലാ സ്ഥലങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *