മാനന്തവാടിയിൽ വാടക വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കോഴിക്കോട് , കുന്ദമംഗലം, പുലൂർ, മുരിങ്ങാത്തൊടികയിൽ എം. മുഹമ്മദലി(67)യെയാണ് സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ മാനന്തവാടി പോലീസ് വലയിലാക്കിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇരിട്ടിയിലെ ലോഡ്‌ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ജൂൺ മാസം 29നാണ് മാനന്തവാടി കെഎസ്ആർടിസി ഗാരേജ് റോഡിൽ വാടക വീട്ടിൽ മോഷണം നടന്നത്. ക്വാർട്ടേഴ്സിലെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ തൂക്കമുള്ള മാല ഇയാൾ കവരുകയായിരുന്നു. 39 വയസ്സ് മുതൽ മോഷണം തുടങ്ങിയ ഇയാൾ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. നാലു മാസം മുൻപാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്.
ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ കെ.കെ സോബിൻ, മുർഷിദ്, അസി. സബ് ഇൻസ്‌പെക്ടർ മനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോബിൻ, റയീസ്, സിവിൽ പോലീസ് ഓഫീസർമാരായ നിസാർ, ഷിന്റോ, സിദ്ധീഖ്, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
