Headlines

ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും:മന്ത്രി എ.പി അനില്‍കുമാര്‍

കൽപ്പറ്റ: ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. ദുരന്തത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുത്തുമല ഹൃദയഭൂമിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് കേരളം ഒറ്റക്കെട്ടായാണ് ആത്മധൈര്യം പകർന്നതും ജീവനത്തിന് പിന്തുണയേകിയതും. അതിജീവിതര്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുന്നതിനൊപ്പം അധികമായി നടപ്പാക്കേണ്ട മറ്റ് കാര്യങ്ങള്‍ കൂടി ഏറ്റെടുക്കും. പുനരധിവാസ ടൗണ്‍ഷിപ്പിലെ 130 വീടുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാവും. ഡിസംബര്‍ അവസാനത്തോടെ ശേഷിക്കുന്ന വീടുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുമെന്നും മന്ത്രി പറഞ്ഞു.

 

ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപ വീതം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വിതരണം ചെയ്യും. ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ ഏറ്റെടുത്തിന്റെ ആദ്യഘട്ടമായി ആറ് കോടി രൂപയുടെ വായ്പകളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് തുക അനുവദിച്ചത്. തുടര്‍ പരിശോധനകള്‍ക്ക് ശേഷം ബാക്കി വായ്പ തുക അനുവദിക്കും. ദുരന്തബാധിതര്‍ക്കായുള്ള എല്ലാ പുനരധിവാസ പ്രവര്‍ത്തനങ്ങളും കാലതാമസം കൂടാതെ പൂര്‍ത്തിയാക്കും. കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പുനരധിവാസ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തത് സംബന്ധിച്ച പരാതികള്‍ പരിഗണിച്ച് അര്‍ഹരായവര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കും. മേപ്പാടിയില്‍ തുടര്‍ച്ചയായുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങള്‍ പഠിക്കാനും ദുരന്തങ്ങള്‍ പ്രതിരോധിക്കാനും ആളപായം ഇല്ലാതാക്കാനും സ്വീകരിക്കേണ്ട നടപടികള്‍ കണ്ടെത്താന്‍ ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *