കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; വയനാട് ഉൾപ്പെടെ എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വയനാട് ഉൾപ്പെടെ എട്ട് ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 1) ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു.

 

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

കുറഞ്ഞ സമയം കൊണ്ട് വലിയ അളവിൽ മഴ പെയ്യുന്ന പ്രവണത ഉള്ളതിനാൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. കനത്ത മഴ തുടരുന്നത് മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും

കാരണമായേക്കാം. നദിക്കരകളിൽ താമസിക്കുന്നവരും ഉരുൾപൊട്ടൽ ഭീഷണിയുള്ള

പ്രദേശങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *