ജില്ലയില്‍ 189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കും

    കൽപ്പറ്റ :തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ 189 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. കല്‍പറ്റ ബ്ലോക്കില്‍ 69 ബൂത്തുകളും പനമരം ബ്ലോക്കില്‍ 32 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ 25 ബൂത്തുകളും മാനന്തവാടി ബ്ലോക്കില്‍ 63 ബൂത്തുകളുമാണ് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുന്നത്. കെല്‍ട്രോണും അക്ഷയയും സംയുക്തമായാണ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സജ്ജീകരണം ഒരുക്കുന്നത്. 4-ജി സിസിടിവി ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമില്‍ തത്സമയ നിരീക്ഷിക്കും. ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ നിരീക്ഷിക്കാനായി പ്രത്യേകം ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും. ബൂത്തുകളില്‍ അക്ഷയയുടെ സഹായത്തോടെ ക്യാമറ ഓപ്പറേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ബ്ലോക്കുകളിലും ബ്ലോക്ക് ലെവല്‍ ക്യാമറ ഓപ്പറേറ്റര്‍മാരുടെ ടീം പ്രവര്‍ത്തിക്കും. ജില്ലാ കലക്ടര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, അക്ഷയ, കെല്‍ട്രോണ്‍, കെ-ഫോണ്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പോളിങ് ദിവസം കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്ന് വെബ് കാസ്റ്റിങ് നോഡല്‍ ഓഫിസര്‍ എസ്. നിവേദ് അറിയിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *