മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് നിർമാണം ഊരാളുങ്കലിന് നൽകുന്നത് സർക്കാർ പരിഗണനയിൽ

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകുന്നത് സർക്കാരിന്റെ പരിഗണനയിൽ. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്കോണിനാവും മേൽനോട്ട ചുമതല. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഉയർന്ന നിലവാരത്തിലുള്ള രണ്ട് ടൗൺഷിപ്പുകളാണ് പണിയാൻ ഉദ്ദേശിക്കുന്നത്. നിർമാണ മേൽനോട്ടവും നിർമാണവും രണ്ട് ഏജൻസികളെ ഏൽപ്പിക്കുന്നതാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. സർക്കാർ തയാറാക്കുന്ന പ്ലാനിൽ 1000 സ്ക്വയർ ഫീറ്റ് വീതം വിസ്തീർണമുള്ള ഒറ്റനില വീടുകളാവും നിർമിക്കുക. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്കോണിനെ നിർമാണ മേൽനോട്ടം ഏൽപ്പിച്ച് നിർമാണ ചുമതല ഊരാളുങ്കലിന് കൈമാറാനാണ് ആലോചന. അതേസമയം ദേശീയ, രാജ്യാന്തര തലത്തിലെ ഏജൻസികളെ പരിഗണിക്കേണ്ടതില്ലേ എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. നൂറുവീടുകൾ വാഗാദാനം ചെയ്തിട്ടുള്ളത് കർണാടക, തെലങ്കാന സർക്കാരുകളും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുമാണ്. അവരുടെ അഭിപ്രാവും പരിഗണിക്കേണ്ടി വരും. ടൗൺഷിപ്പ് നിർമാണത്തിന് കണ്ടെത്തിയ നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിലെ ഭൂമി തർക്കത്തിൽ 27ന് ഹൈക്കോടതി വിധി പറയും. അതിന് ശേഷം തുടർനടപടികൾ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *