വൈത്തിരി: മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലയിലെ ആദ്യത്തെ വൈത്തിരി താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ 317 പരാതികളാണ് ലഭിച്ചത്. 201 പരാതികളാണ് ഓൺലൈനായി മുൻകൂട്ടി ലഭിച്ചത്. 116 പരാതികൾ അദാലത്ത് വേദിയിൽ നേരിട്ടും ലഭിച്ചു. മുൻകൂട്ടി ലഭിച്ച പരാതികളിൽ 40 പരാതികൾ പരിഗണനയ്ക്ക് പുറത്തുള്ള വിഷയമായതിനാൽ നിരസിച്ചു. ബാക്കിയുള്ള 171 പരാതികൾ തീർപ്പാക്കിയത്
ഉൾപ്പെടയുള്ളതിന്റെ മറുപടികൾ പരാതിക്കാർക്ക് ലഭ്യമാക്കി. മന്ത്രിമാരുമായി നേരിട്ട് കണ്ട് പരിഹാരം കാണുന്നതിനായി 86 പരാതികളാണ് പരിഗണിച്ചത്. ഇവർക്കെല്ലാം മന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു എന്നിവരുടെ നേതൃത്വത്തിൽ വൈകീട്ട് വരെ നീളുന്നതായിരുന്നു അദാലത്ത്. ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ, എ.ഡി.എം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത് എന്നിവരും പരിഹരിക്കാൻ കഴിയുന്ന പരാതികളിൽ തീർപ്പാക്കി. . തുടർനടപടികൾക്കും അന്വേഷണങ്ങൾക്കുമായി പരിഗണിക്കേണ്ട പരാതികളിൽ നടപടി സ്വീകരിക്കാൻ മന്ത്രിമാർ വകുപ്പ് മേധാവികൾക്ക് തത്സമയം നിർദ്ദേശം നൽകി. ഭൂമി സംബന്ധമായ വിഷയങ്ങൾ, പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കൈയ്യേറ്റം, അതിർത്തി തർക്കങ്ങൾ, വഴി തടസ്സപ്പെടുത്തൽ, സർട്ടിഫിക്കറ്റുകൾ ലൈസൻസുകൾ നൽകുന്നതിലെ കാല താമസം, നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, കെട്ടിട നമ്പർ, നികുതി തുടങ്ങിയവ, വയോജന സംരക്ഷണം, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ, ശാരീരിക, ബുദ്ധി, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷൻകാർഡ്, കാർഷിക വിളകളുടെ സംഭരണം, വിതരണം, വിള ഇൻഷൂറൻസ്, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, സഹായം, ഈ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണത്തിൽ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ, തണ്ണീർത്തട സംരക്ഷണം, അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച്, എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പ്രശ്‌നങ്ങൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ട പരിഹാരം എന്നീ വിഷയങ്ങളിലെ പരാതികളാണ് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചിരുന്നത്. നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, പ്രപ്പോസൽ, ലൈഫ് മിഷൻ, ജോലി സംബന്ധമായ വിഷയങ്ങൾ, വായ്പ എഴുതി തള്ളൽ, പോലീസ് കേസ്സുകൾ, ഭൂമി സംബന്ധമായ പട്ടയങ്ങൾ തരം മാറ്റൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായം ഉൾപ്പെടെയുള്ള ധനസഹായത്തിനായുള്ള അപേക്ഷകൾ, സർക്കാർ ജീവനക്കാര്യം, റവന്യു റിക്കവറി, വായ്പ തിരിച്ചടവിനുള്ള സാവകാശം, ഇളവുകൾ തുടങ്ങിയ അപേക്ഷകൾ അദാലത്തിൽ പരിഗണിച്ചിരുന്നില്ല. ജനുവരി മൂന്നിന് സുൽത്താൻ ബത്തേരിയിലും ജനുവരി നാലിന് മാനന്തവാടി താലൂക്ക് കേന്ദ്രങ്ങളിലും അദാലത്ത് നടക്കും.
കരുതലും കൈത്താങ്ങും ആദ്യ അദാലത്തിൽ 317 പരാതികൾ
