കൽപ്പറ്റ : മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് പദ്ധതി സ്വാഗതംചെയ്യുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു. മാതൃകാപരമായ പുനരധിവാസ പദ്ധതിയുടെ രൂപരേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഏറ്റവും ആധുനികമായ പുനരധിവാസമാണ് സർക്കാർ ഒരുക്കുന്നത്. ഉരുൾപൊട്ടിയ സമയം മുതൽ ഇതുവരെ ദുരന്തബാധിതരെ ചേർത്തുപിടിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു. ഓരോ ഇടപെടലിലും സർക്കാരിന്റെ കരുതലുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ മുഴുവൻ കുടുംബങ്ങളെയും 28 ദിവസംകൊണ്ട് താൽക്കാലികമായി പുനരധിവസിപ്പിച്ചു. ദുരന്തബാധിതർക്ക് ഇതുവരെ 20 കോടിയോളം രൂപ സഹായം നൽകി. ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്‌കൂളുകൾ മേപ്പാടിയിൽ പുനരാരംഭിച്ചു. പ്രത്യേക അദാലത്ത് നടത്തി നഷ്ടപ്പെട്ട രേഖകൾ നൽകി. വാടക വീടുകളിൽ താമസിപ്പിച്ചവർക്ക് മാസം ആറായിരം രൂപ വാടക നൽകുന്നു. ജീവനോപാധി നഷ്ടപ്പെട്ട 2169 പേർക്ക് മുന്നുമാസമായി ദിവസം 300 രൂപ വീതം നൽകുകയാണ്. ഇതിന്റെ തുടർച്ചയാണ് ടൗൺഷിപ്പ്.
ദുരന്തബാധിതരെ കേന്ദ്രം പാടേ അവഗണിച്ചപ്പോഴും സംസ്ഥാന സർക്കാർ ചേർത്തുപിടിച്ചു. പ്രതിഷേധങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ സമ്മർദങ്ങൾക്കും ഒടുവിൽ ഉരുൾപൊട്ടൽ അതിതീവ്രദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും പ്രത്യേക ധനസഹായം നൽകിയില്ല. ഇതിനിടയിലും സംസ്ഥാനം സ്വന്തം നിലയിൽ ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. ഇതിന് സിപിഐ എം പൂർണ പിന്തുണ നൽകുമെന്നും റഫീഖ് പ്രസ്‌താവനയിൽ പറഞ്ഞു.
മുണ്ടക്കൈ–ചൂരൽമല പുനരധിവാസം പ്രഖ്യാപിച്ചത് മാതൃക ടൗൺഷിപ്പ്; പൂർണ പിന്തുണ നൽകും: കെ റഫീഖ്
